
കഞ്ചാവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു; 16 കാരന്‍ വീടിന് തീയിട്ടു; മുത്തശനും മുത്തശിയും വെന്തു മരിച്ചു
സേലം: കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ പേരില്‍ വീടിന് തീയിട്ട് 16കാരന്‍. വൃദ്ധരായ മുത്തശ്ശനും മുത്തശ്ശിയും വീടിനുള്ളില്‍ കിടന്ന് വെന്തുമരിച്ചു. സേലത്തുനിന്നും 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
വൃദ്ധ ദമ്പതികള്‍ ഉറങ്ങുന്ന സമയത്ത് ചെറുമകന്‍ വീടിന് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും അഗ്നിക്കിരയാവുന്നത് നോക്കി നിന്നു. കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. ആത്തൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ലഹരി ഉപയോഗിക്കരുതെന്ന് മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണ് വീടിന് തീവച്ചതെന്ന് പിടിയിലായ 16കാരന്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ഷാപ്പ് കുത്തിത്തുറന്ന് കള്ളും ഭക്ഷണവും പണവും മോഷ്ടിച്ചു; 38 കുപ്പി കള്ള് കള്ളൻമാർ കൊണ്ടുപോയി
തിരുവനന്തപുരം: കള്ള് ഷാപ്പ് കുത്തിതുറന്ന് കള്ളും പണവും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചു. കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിനടുത്തുള്ള കള്ള് ഷാപ്പില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. 38 കുപ്പി കള്ളാണ് ഇവിടെനിന്ന് മോഷണം പോയത്. ഇതിൽ രാസപദാര്‍ത്ഥം ഒഴിച്ച് കഴിഞ്ഞ വർഷത്തെ പരിശോധനയ്ക്കു ശേഷം മാറ്റിവെച്ചിരുന്ന ഒമ്പത് കുപ്പി കള്ളും ഉൾപ്പെടും.
എ.ഐ.ടി.യു.സി യൂനിയന്‍ തൊഴിലാളികള്‍ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പാണിത്. കനത്ത മഴയെ തുടർന്ന് ഞായറാഴ്ച ഷാപ്പ് നേരത്തെ പൂട്ടി, ജീവനക്കാർ പോയിരുന്നു. കച്ചവടം കുറവായത് കൊണ്ടുകൂടിയാണ് ഷാപ്പ് നേരത്തെ പൂട്ടാൻ തീരുമാനിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. 38 കുപ്പി കള്ളിന് പുറമെ പാകം ചെയ്യാനായി സൂക്ഷിച്ച ഇറച്ചി, കപ്പ, അച്ചാര്‍, മുട്ട, 1,100 രൂപ എന്നിവയും നഷ്ടപ്പെട്ടു.
അതേസമയം മോഷ്ടിക്കപ്പെട്ട കള്ളിൽ രാസപദാർഥം ഒഴിച്ചു കഴിഞ്ഞ വർഷം പരിശോധനയ്ക്ക് ശേഷം മാറ്റിവെച്ച കള്ളും ഉണ്ടെന്ന് ഷാപ്പ് ലൈസൻസി പൊലീസിനോട് പറഞ്ഞു. വീര്യമേറിയതും അപകടകരവുമായ ഈ കള്ള് കുടിച്ചാൽ ജീവൻ അപകടത്തിൽപ്പെടുമെന്നും ഷാപ്പ് ലൈസൻസി പറഞ്ഞു. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.