kozhikode
സുമനസുകള്‍ക്ക് നന്ദി; നേവിസിന്റെ ഹൃദയം കോഴിക്കോടെത്തി, ഇനി ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കാം
എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് ഹൃദയം നൽകുന്നത്. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. 4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്.
കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങളാണ് ബന്ധുക്കൾ ദാനം ചെയ്തത്. ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകീർത്തിച്ചു. അച്ഛൻ സാജൻ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരൻ എൽവിസിനേയും സർക്കാരിന്റെ ആദരവ് അറിയിച്ചു.
ഫ്രാൻസിൽ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കൊവിഡ് കാരണം ഇപ്പോൾ ഓൺലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാൻ വൈകിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കിടന്നിരുന്നു. ഉടൻ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.