Kottayam
ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് എല്‍ഡിഎഫ് പ്രമേയം പാസായി; കോട്ടയം നഗരസഭാ യുഡിഎഫിന് നഷ്ടം
കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പാസായി. ബിജെപി പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന പ്രമേയം പാസായത്. ഇതോടെ നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി. പ്രമേയത്തിന് അനുകൂലമായി 30 അംഗങ്ങള്‍ വോട്ട് ചെയ്തു.
ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. സിപിഐഎം സ്വതന്ത്രന്റെ വോട്ടാണ് അസാധുവായത്. 22 യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തിരുമാനം. അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കി.
ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു വിളിച്ച് ചേര്‍ത്ത കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് ഇന്ന് പ്രധാനപ്പെട്ട കാര്യമെന്ന് കണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുക എന്ന തീരുമാനമെന്ന് നോബിള്‍ മാത്യു വ്യക്തമാക്കി. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ല, പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.
യുഡിഎഫ് വിമതയായി ജയിച്ച് പിന്നീട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യനാണ് നിലവിലെ കോട്ടയം നഗരസഭ അധ്യക്ഷ. അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളെ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടി വന്നിരുന്നു. എന്നാല്‍ എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന നിലപാടോടെ ഈ പ്രതിസന്ധിയാണ് ഒഴിവായത്.