
kerala
'ഡിവൈഎസ്പി മുതല്‍ എസ്‌ഐ വരെ'; ഹണി ട്രാപ്പില്‍ കുടങ്ങി കേരള പൊലീസ്
സംസ്ഥാന പോലീസിനെ കുടുക്കി വീണ്ടും ഹണിട്രാപ്പ് വിവാദം സേനയ്ക്കുള്ളില്‍ ചര്‍ച്ചയാകുന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് യുവതി ഹണിട്രാപ്പില്‍ കുടുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്കിലെന്നാണ് ഇന്റലിജന്‍സ് റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടർ ടിവി.
ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന പോലീസിനെ കുടുക്കി ഹണി ട്രാപ്പ് വിവാദം സേനയ്ക്ക് ഉള്ളില്‍ ശക്തമാകുന്നത്. നേരത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന് എതിരെയുള്ള തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചതിന് പിന്നാലെ അപരിചതരുമായി സൗഹൃദം സ്ഥാപിക്കരുതെന്ന് അന്ന് ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന ഇന്റലിജന്‍സും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്.
ഡിവൈഎസ്പി മുതല്‍ എസ്‌ഐ വരെയുള്ളവരെയാണ് തന്ത്രപൂര്‍വം ഒരു യുവതി ഹണി ട്രാപ്പില്‍ കുടുക്കിയിരിക്കുന്നത്. ഇതിലെ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്കിലാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ സംസ്ഥാന പോലീസിലെ എഡിജിപി റാങ്കിലും, ഐ ജി റാങ്കിലുള്ളമുള്ള രണ്ട് ഉദ്യോഗസ്ഥരും ഹണി ട്രാപ്പിന്റെ ഇരകളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. വലിയ തട്ടിപ്പിന് ഇരയായിട്ടും പരാതി നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം. മാനഹാനിയും കുടുംബബന്ധമുള്‍പ്പെടെ തകരുമെന്ന ആശങ്കയുമാണ് ഉദ്യോഗസ്ഥരെ നടപടി സ്വീകരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
മാത്രമല്ല ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ ചാറ്റുകള്‍ ഉപയോഗിച്ചാണ് യുവതി മറ്റ് പോലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നത് എന്നുമാണ് വിവരങ്ങള്‍. ഇത്തരത്തില്‍ യുവതിയുടെ കൈവശമുള്ള വിവരങ്ങള്‍ പുറത്ത് വരുമോയെന്ന ആശങ്ക കാരണം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിക്ക് ഉന്നത ഉദ്യോഗസഥര്‍ തയ്യാറാകുന്നില്ലെന്നും സേനയ്ക്ക് ഉള്ളില്‍ വിമര്‍ശനമുണ്ട്. അതേസമയം, വിഷയം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ സാഹചര്യത്തിലേക്കാണ് കേരളാ പോലീസ് നീങ്ങുന്നത്. എന്നാല്‍ വിഷയം അതീവ ഗുരുതരമാണെന്നും അത്ര വേഗം പരിഹരിക്കാന്‍ പറ്റുന്നതല്ല എന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.