national
ഡല്‍ഹി കോടതിയില്‍ ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പ്; മൂന്നു മരണം, കൊല്ലപ്പെട്ടവരില്‍ ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയും
ഡല്‍ഹി കോടതിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രോഹിണി ജില്ലാ കോടതിയില്‍ നടന്ന വെടിവെപ്പില്‍ ഗുണ്ടാത്തലവന്‍ ജിതേന്ദര്‍ ഗോഗി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികള്‍ കോടതിക്കുള്ളില്‍ പ്രവേശിച്ചത്. വെടിവെപ്പില്‍ വനിതാ അഭിഭാഷക അടക്കം ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജഡ്ജിക്കു മുമ്പാകെ ഹാജരാക്കിയ ജിതേന്ദര്‍ ഗോഗിക്ക് നേരെ അഭിഭാഷക വേഷത്തില്‍ എത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അക്രമികള്‍ക്ക് നേരെ കോടതി മുറിയിലെ പൊലീസുകാര്‍ വെടിവെയ്ക്കുകയായിരുന്നു. കോടതിയിലെ 206-ാം നമ്പര്‍ മുറിയിലാണ് വെടിവെപ്പ് നടന്നത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധനായ ജിതേന്ദ്ര ഗോഗി. വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, ആയുധക്കടത്ത്, കൊള്ള അടക്കം 19 കേസുകളിലാണ് ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടുള്ളത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കോടതിയും പരിസരവും ഇപ്പോള്‍ കനത്ത പൊലീസ് നിരീക്ഷണത്തിലാണ്.