
national
നടുറോഡിൽ സ്ത്രീയുടെ മൃതദേഹം; അപകടമരണമെന്ന് നിഗമനം; കാർ ഓടിച്ച യുവാവ് അറസ്റ്റിൽ
ചെന്നൈ : ചിന്നിയംപാളത്ത് നടുറോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ കാർ ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി ഫൈസലിനെയാണ് പോലീസ് പിടികൂടിയത്.
സെപ്റ്റംബർ ആറാം തീയതി പുലർച്ചെയാണ് അവിനാശി റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങൾ കയറി ഇറങ്ങി തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റോഡിലൂടെ പോയ എസ്‌യുവിയിൽ നിന്ന് മൃതദേഹം റോഡിലേക്ക് തള്ളിയതാണെന്ന് പോലീസ കരുതി. തുടർന്ന് 12 കിലോമീറ്റർ അകലെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം അപകടമാണെന്ന് വ്യതക്തമായി.
ഫൈസൽ ഓടിച്ച കാർ സ്ത്രീയെ ഇടിച്ചിട്ടതാണെന്ന് പോലീസ് പറയുന്നു. കാറിൽ കുരുങ്ങിയ സ്ത്രീയുമായി വാഹനം അല്പ ദൂരം പോയി. ഇതിനിടെയാകാം മൃതദേഹം റോഡിലേക്ക് വീണത്. പിന്നീട് കാർ നിർത്തി യുവാവ് വാഹനം പരിശോധിച്ചതായും യാത്ര തുടർന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ സംഭവം പുറത്തിറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിലാണ് യുവാവിനെ പിടികൂടിയത്. അതേസമയം മരിച്ചത് ഒരു നാടോടി സ്ത്രീയാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഹനങ്ങൾ കയറി മുഖം ഉൾപ്പെടെ വികൃതമായിരുന്നതിനാൽ ഇവരെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തി നൊടുവിലാണ് നാടോടി സ്ത്രീയണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. നിലവിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്‌ക്കാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.