
kerala
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്ബടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം
തിരുവനന്തപുരം : 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തിൽ ഒ.പി സുരേഷും നോവൽ വിഭാഗത്തിൽ പി.എസ് മാത്യൂസും പുരസ്‌കാരത്തിന് അർഹനായി. മികച്ച ചെറുകഥയ്‌ക്കുള്ള പുരസ്‌കാരം ഉണ്ണി ആറിനാണ്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

സേതുവും, പെരുമ്പടവം ശ്രീധരനും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വത്തിന് അർഹരായി. 50,000 രൂപ, രണ്ട് പവന്റെ സ്വർണപതക്കം, പ്രശസ്തിപത്രം, പൊന്നാട, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരത്തിന് ആറ് പേർ അർഹരായി. കെ.കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം എ റഹ്മാൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. എട്ട് പേർ അക്കാദമിയുടെ എൻഡോവ്‌മെന്റ് പുരസ്‌കാരത്തിനും അർഹരായി.
നടൻ ഇന്നസെന്റിന് ഹാസ സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനായി. യാത്രാവിവരണ വിഭാഗത്തിൽ വിധു വിൻസെന്റിനും, നാടക വിഭാഗത്തിൽ ശ്രീജിത്ത് പൊയിൽക്കാവിനും പുരസ്‌കാരം ലഭിച്ചു. സാഹിത്യവിമർശനം- ഡോ പി സോമൻ, വൈജ്ഞാനിക സാഹിത്യം- ഡോ. ടികെ ആനന്ദി, ജീവചരിത്രം കെ രഘുനാഥൻ, വിവർത്തനം- അനിത തമ്പി, സംഗീത ശ്രീനിവാസൻ, ബാഹസാഹിത്യം- പ്രിയ എ.എസ് എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങൾ.