kerala
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍; ഡോ. മാത്യൂസ് മാര്‍ സെവേറിയോസിന്റെ സ്ഥാനാരോഹണം നാളെ
ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനായി മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു. പരുമലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിലാണ് മാത്യൂസ് മാര്‍ സെവേറിയോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സുന്നഹദോസ് നിര്‍ദ്ദേശം മലങ്കര അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു. സ്ഥാനാരോഹണം നാളെ പത്തനംതിട്ടയിലെ പരുമലയില്‍ വെച്ച് നടക്കും.
നാളെ നടക്കുന്ന സ്ഥാനാരോഹണത്തോടെ 22-മത് മലങ്കര മെത്രാപ്പൊലീത്തായും 9-ാമത് കാതോലിക്കയുമായായിരിക്കും മാത്യൂസ് മാര്‍ സെവേറിയോസ്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി വൈദിക അധ്യാപകനായി പ്രവര്‍ത്തിച്ചു വരുകയാണ് അദ്ദേഹം. മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും പുതിയ പരമാധ്യക്ഷന്‍ പ്രതികരിച്ചു. സഹോദരങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കപ്പെടണം. വിഭാഗീയത നാം ആഗ്രഹിക്കുന്നില്ലെന്നും മാത്യൂസ് മാര്‍ സെവേറിയോസ് പ്രതികരിച്ചു.
കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്ന മാത്യൂസ് മാര്‍ സേവേറിയോസ് നിലവില്‍ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്തായാണ്. സഭാ കേസുകളുടെ മേല്‍നോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തില്‍ കുടുംബത്തിലാണ് മാത്യൂസ് മാര്‍ സെവേറിയോസിന്റെ ജനനം. 1978ല്‍ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം 1973-ലാണ് മെത്രാപ്പൊലീത്തയാകുന്നത്. തുടര്‍ന്ന് സുനഹദോസ് മുന്‍ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്‌സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു