
national
സംസ്ഥാനത്തിന് അപമാനമായി അഫ്ഗാൻ തീവ്രവാദികളുടെ കൂട്ടത്തിൽ രണ്ട് മലയാളികൾ, തിരിച്ചറിഞ്ഞത് ശബ്ദത്തിലൂടെ
ന്യൂഡൽഹി : അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ ഭീകരരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ തെളിവ് പുറത്ത്. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തിൽ സന്തോഷം പങ്കിടുന്ന തീവ്രവാദികളുടെ ഇടയിലാണ് മലയാളി സാന്നിദ്ധ്യം മനസിലാകുന്നത്. സന്തോഷത്താൽ മതിമറക്കുന്ന ഒരു തീവ്രവാദി 'സംസാരിക്കട്ടെ'എന്ന് മലയാളത്തിൽ പറയുന്നത് കേൾക്കാനാകും. ഇത് മറ്റൊരു തീവ്രവാദിക്ക് മനസിലാകുന്നുമുണ്ട്. ഇതിൽ നിന്നും കൂട്ടത്തിലെ രണ്ട് പേർ മലയാളികളാണെന്ന് ഉറപ്പിക്കാനാവും. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം ചർച്ചയാവുന്നുണ്ട്.
മുൻപ് ഐസിസ് ശക്തമായിരുന്ന കാലത്തും സിറിയയിലും, അഫ്ഗാനിസ്ഥാനിലും മലയാളികൾ എത്തിയിരുന്നു. ഇവരിൽ നല്ലൊരു പങ്കും ആക്രമണങ്ങളിൽ വധിക്കപ്പെട്ടു. വിശുദ്ധയുദ്ധത്തിൽ ആകൃഷ്ടരായി കുടുംബം ഉപേക്ഷിച്ച് പോയവരും, കുടുംബത്തെ ഒന്നാകെ കൊണ്ടുപോയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരക്കാരെ തിരികെ പ്രവേശിപ്പിക്കേണ്ട എന്ന ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
താലിബാൻ തീവ്രവാദികളിൽ മലയാളികളുണ്ടെന്ന വീഡിയോ ശശി തരൂർ എം പിയും പങ്കുവച്ചിട്ടുണ്ട്.
പ്രചരിക്കുന്ന ദൃശ്യമനുസരിച്ച് ആ താലിബാൻ കൂട്ടത്തിൽ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. റമീസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഷെയർ ചെയ്ത വീഡിയോയാണ് എം പി ഷെയർ ചെയ്തിരിക്കുന്നത്.