
international desk
അമ്യൂസ്മെന്റ് പാർക്കിൽ ഉല്ലസിച്ച് ഭീകരർ, കുട്ടികളുടെ റൈഡുകളിൽ തുള്ളിച്ചാടുന്ന മദ്ധ്യവയസ്കർ, വീഡിയോ
കാബൂൾ : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരരിൽ ചിലർ നഗരത്തിലെ ഒരു അമ്യൂസ്മെന്റ് പാർക്കിൽ ഉല്ലസിക്കുന്ന വീഡിയോ പുറത്ത്. കുട്ടികളുടെ റൈഡുകളിൽ തുള്ളിച്ചാടുന്ന മദ്ധ്യവയസ്കരായ ഭീകരരെയാണ് വീഡിയോയിൽ കാണാനാവുന്നത്. എ കെ 47 തോക്കുകളും ഇവരുടെ കൈകളിൽ കാണാനാവും. ഇതേ പാർക്കിലെ കുതിരകളടക്കമുള്ള റൈഡുകളിലും ഇവർ കൗതുകത്തോടെ പങ്കെടുക്കുന്നുണ്ട്. പൊട്ടിച്ചിരികളോടെയാണ് ഇവർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്.
കാബൂളിൽ പ്രവേശിച്ച ഭീകരർ പ്രസിഡൻഷ്യൽ കൊട്ടാരത്തിലും പാർലമെന്റിലും പ്രവേശിച്ച വീഡിയോയും വൈറലായിരുന്നു. പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോയാണ് വൈറലായത്. അതേസമയം ഇന്ത്യ നിർമ്മിച്ച് മോദി ഉദ്ഘാടനം ചെയ്ത അഫ്ഗാൻ പാർലമെന്റിൽ കയറിയ തീവ്രവാദികളുടെ ചെയ്തികളും പ്രചരിക്കുന്നുണ്ട്. ആയുധങ്ങളുമായി കെട്ടിടത്തിനുള്ളിൽ കയറിയ ഇവർ സ്പീക്കറുടെ അടക്കം കസേരകളിൽ കൗതുകത്തോടെ ഇരിക്കുന്നതും, അവിടെയുള്ള സാധന സാമഗ്രികൾ എടുത്ത് പരിശോധിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. അഫ്ഗാൻ പ്രസിഡന്റ് അടക്കം ഇരുന്ന കസേരകളിലാണ് ഭീകരർ ഇരുത്തമുറപ്പിച്ചിട്ടുള്ളത്. അംഗങ്ങൾ വോട്ടെടുപ്പിനായി ഉപയോഗിക്കുന്ന കാർഡുകൾ എടുത്ത് എന്തിനെന്ന് അറിയാതെ തിരിച്ചും മറിച്ചും നോക്കുന്നതും വീഡിയോയിലുണ്ട്.