kerala
മീന്‍കുട്ട തട്ടിതെറിപ്പിച്ച സംഭവം; ദൃക്‌സാക്ഷികളില്ല; വിശദ അന്വേഷണം ആവശ്യപ്പെട്ട് ലേബര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം കരമനയില്‍ മത്സ്യവില്‍പനക്കാരിയെ പൊലീസ് ആക്രമിച്ചെന്ന പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ വ്യക്തത കുറവുള്ളത്തിനാല്‍ വിപുലമായ അന്വേഷണം വേണമെന്നാണ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് കരമന പാലത്തിന് സമീപം മത്സ്യ വില്‍പന നടത്തിയ വലിയതുറ സ്വദേശി മരിയാ പുഷ്പത്തിന്റെ മീന്‍ കുട്ട പൊലീസ് തട്ടി തെറിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ജില്ലാ ലേബര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അധികാരമില്ലാത്തതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ദൃക്‌സാക്ഷികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പരാതി വ്യാജമെന്നാണ് പോലീസിന്റെ വാദം. ഗതാഗത കുരുക്ക് ഉണ്ടാവുന്നത് മൂലം വില്‍പന സ്ഥലത്ത് നിന്ന് മാറാന്‍ ജീപ്പിലിരുന്ന് നിര്‍ദേശം നല്‍കിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മരിയാ പുഷ്പം തന്നെയാണ് മീന്‍ കുട്ട തട്ടിയിട്ടതെന്നും പൊലീസ് ആരോപിക്കുന്നു. ഒരു ഓട്ടോക്കാരന്‍ ഉള്‍പ്പടെ മൂന്ന് ദൃക്‌സാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫോര്‍ട്ട് എ സിയുടെ അന്വേഷണ റിപ്പോര്‍ട്ടിലും പൊലീസ് പ്രതി സ്ഥാനത്തല്ല. ഫോറന്‍സിക് പരിശോധന അടക്കം നടത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ മരിയാ പുഷ്പവും പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ്. പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷനും രംഗത്തുണ്ട്. റോഡില്‍ വീണ് കിടക്കുന്ന മത്സ്യ കുട്ടയ്ക്ക് സമീപമിരുന്ന് പ്രതിഷേധിക്കുന്ന മരിയാ പുഷ്പത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. സംഭവം വിവാദമാവുന്നു എന്ന് കണ്ടതോടെയാണ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തിയത്.