Headlines
Loading...
കെഎസ്എഫ്ഇ ഓഫീസുകളില്‍ ഏല്‍പ്പിക്കാം; തകരാറായ ലാപ് ടോപ്പുകള്‍ കോക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി

കെഎസ്എഫ്ഇ ഓഫീസുകളില്‍ ഏല്‍പ്പിക്കാം; തകരാറായ ലാപ് ടോപ്പുകള്‍ കോക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി

കേരളം പുറത്തിറക്കിയ കൊക്കോണിക്‌സ് ലാപ്‌ടോപ്പ് വ്യാപകമായി തകരാറിലായെന്ന വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. തകരാറായ ലാപ് ടോപ്പുകള്‍ കോക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇത്തരം ലാപ്‌ടോപുകള്‍ കെഎസ്എഫ്ഇ ശാഖകളില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. നിയമ സഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഓണ്‍ലൈന്‍ പഠനം സര്‍വ്വസാധാരണമായ ഈ സാഹചര്യത്തില്‍ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കി ഒരു മികച്ച മാതൃക സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കി വിദ്യാശ്രീ പദ്ധതിയിലൂടെ ആയിരുന്നു കൊകോണിക്‌സ് ലാപ്‌ടോപുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്‌ടോപ്പുകള്‍ ആയിരുന്നു ഇത്. 500/ രൂപ മാസ അടവുമുള്ള 30 മാസസമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന് മൂന്ന് മാസം മുടക്കം കൂടാതെ തവണകള്‍ അടയ്ക്കുന്നവര്‍ക്ക് ലാപ്‌ടോപ്പ് കെഎസ്എഫ്ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പക്ഷെ, തുടക്കത്തില്‍ തന്നെ നിരവധി വിദ്യാര്‍ഥികള്‍ ലാപ്‌ടോപ് പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പലര്‍ക്കും തകരാറുകളെ തുടര്‍ന്ന് മാറ്റേണ്ട അവസ്ഥയുമുണ്ടായി. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.

അതേസമയം, വിദ്യാശ്രീ പദ്ധതിയിലൂടെ 2150 കോക്കോണിക്‌സ് ലാപ് ടോപ് കൊടുത്തിട്ടുണ്ടെന്ന് ധനമന്ത്രി സഭയെ അറിയിച്ചു. 4845 കോക്കോണിക്‌സ് ലാപ് ടോപാണ് ആവശ്യപ്പെട്ടത്. പരാതി ഉയര്‍ന്ന 461 ലാപ്‌ടോപുകള്‍ മാറ്റി നല്‍കിയെന്നും മന്ത്രി അറിയിച്ചു. സൗജന്യമായി ലാപ് ടോപ് നല്‍കുന്ന പദ്ധതിയല്ല വിദ്യാശ്രീ. പദ്ധതി പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ലാപ് ടോപ് ലഭിക്കുകയുള്ളു, കോക്കോണിക്‌സിന് നിയമപരമായാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. കോക്കോണിക്‌സ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള പദ്ധതിയാണ് കേരളത്തില്‍ ഇത്തരം പദ്ധതി വേണ്ട എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. അതേസമയം, വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഇ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും ധനമന്ത്രി അവശ്യപ്പെട്ടു. അത്തരം ഒരു സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ താത്പര്യത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.