kerala
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി: കടുത്ത നിലപാടുമായി പ്രതിപക്ഷം; സഭ പ്രക്ഷുബ്ദം, നടപടികള്‍ ബഹിഷ്‌കരിച്ചു
ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത് വന്ന വിഷയത്തില്‍ പ്രക്ഷുബ്ദമായി നിയമ സഭ. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതാണ് ബഹളത്തിന് ഇടയാക്കിയത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നോട്ടീസ് ആണ് സഭയുടെ പരിഗണനയ്‌ക്കെത്തിയത് എന്ന് നിയമ മന്ത്രി കൂടിയായ പി രാജീവ് നിലപാട് സ്വീകരിച്ചതോടെയാണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. പിടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കേസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ വിവിധതലങ്ങളില്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയിലും നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനാല്‍ നിയമ സഭയ്ക്ക് നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ല എന്നും വ്യക്തമാക്കിയിരുന്നു സ്പീക്കര്‍ നിലപാട് എടുത്തത്. ഭരണതലത്തില്‍ ഉള്ള അവരുടെ പേരുകള്‍ പറയുവാന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ കേന്ദ്രഏജന്‍സികള്‍ സമ്മര്‍ദ്ദം ചെയ്തുവെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട് എന്ന് മന്ത്രി പി രാജീവും ചൂണ്ടിക്കാട്ടി.
അതേസമയം, കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍പും നിയമസഭ പരിഗണിച്ചിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് അനുമതി നല്‍കിയിട്ടുള്ള വിഷയങ്ങള്‍ എണ്ണിപ്പറഞ്ഞ സതീശന്‍ ശബരിമല, കൊടകര കേസുകള്‍ അന്വേഷണ ഘട്ടത്തിലും കോടതി പരിഗണിക്കുന്ന സമയത്തും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നും സഭയില്‍ വ്യക്തമാക്കി. ഡോളര്‍ കടത്ത് കേസിലെ പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണ് അടിയന്തര പ്രമേയം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് നിരപരാധിത്വം തെളിയിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ദിവസവും നിയമമന്ത്രി താത്പര്യത്തിന് വേണ്ടി ചട്ടങ്ങള്‍ വ്യാഖ്യാനിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍, ചട്ടങ്ങള്‍ ശരിയായാണ് വ്യാഖ്യാനിക്കുന്നത് എന്ന് നിയമമന്ത്രി മറുപടിയും നല്‍കി. ഇതിന് പിന്നാലെയാണ്, സഭ പ്രക്ഷുബ്ദമായത്. പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയും സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. നിയമ സഭയുടെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് പ്രതിപക്ഷം.