
national
സെപ്തംബര്‍ ഒന്നിന് ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറക്കും; വരാന്‍ ആരെയും നിർബന്ധിക്കില്ല
ഡല്‍ഹിയില്‍ സ്‌കൂളുകളും കോളേജുകളും സെപ്തംബര്‍ ഒന്നിന് തുറക്കും. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് സപ്തംബര്‍ ഒന്നിന് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസിലേക്ക് വരാം. എന്നാല്‍ സ്‌കൂളുകളില്‍ വരുന്നതിന് ആരേയും നിര്‍ബന്ധിക്കില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുന്നത് സിസോദിയ തന്നെയാണ്. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ സര്‍വ്വെ പ്രകാരം 70 % പേരും സ്‌ക്കൂളുകള്‍ തുറക്കണമെന്ന അഭിപ്രയമാണ് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണ് സ്‌കൂളുകള്‍ തുറക്കുക.
ഓണ്‍ലൈന്‍ ക്ലാസുകളുമായി യോജിപ്പിച്ചാണ് സ്‌കൂളുകള്‍ തുറക്കുന്നതെന്നും മനീഷ് സിസോദിയ വിശദീകരിച്ചു. ഡല്‍ഹിയില്‍ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി 0.1% മാത്രമാണ്. കൂടാതെ 98% വരുന്ന സ്‌ക്കൂള്‍ ജീവനക്കാരും ഒരു വാക്‌സിന്‍ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി. സപ്തംബര്‍ ഒന്നിന് തന്നെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ട്യൂഷന്‍ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിട്ടുണ്ട്.