Headlines
Loading...
'വര്‍ക്ക് ഫ്രം ഹോം': വിവാഹ ദിവസവും ജോലി ചെയ്ത് വരന്‍, വധുവിന്റെ പ്രതികരണമിങ്ങനെ!

'വര്‍ക്ക് ഫ്രം ഹോം': വിവാഹ ദിവസവും ജോലി ചെയ്ത് വരന്‍, വധുവിന്റെ പ്രതികരണമിങ്ങനെ!

2020 ല്‍ സംഭവിച്ച അപ്രതീക്ഷിത ദുരന്തം എല്ലാവരെയും വീട്ടിനകത്ത് കഴിയാന്‍ നിര്‍ബന്ധിച്ചിരിക്കുകയാണ്. ഇതേതുടര്‍നാണ് 'വര്‍ക്ക് ഫ്രം ഹോം' എന്ന പേരില്‍ അറിയപ്പെടുന്ന ഓഫീസുകളിലേക്ക് പോകാതെ ജോലി ചെയ്യുന്ന സമ്പ്രദായം ആളുകള്‍ക്ക് കൂടുതല്‍ പരിചിതമായത്. ഈ രീതിയുടെ ഗുണങ്ങളും ദൂഷ്യഫലങ്ങളും കണക്കിലെടുത്ത് ഇതിനെ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരുമുണ്ട്. ഫര്‍ക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിവാഹ ദിവസം ലാപ്‌ടോപില്‍ ജോലി ചെയ്യുന്ന വരന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജോലി ചെയ്യുന്ന അദ്ദേഹത്തിന് ചുറ്റും അതിഥികളും, ബന്ധുക്കളും, പുരോഹിതനും കാത്തിരിക്കുന്നതു കാണാം. അദ്ദേഹത്തിന്റെ ജോലി കഴിഞ്ഞാല്‍ ചടങ്ങുകള്‍ തുടങ്ങാം എന്ന പ്രതീക്ഷയോടെയാണ് ബന്ധപ്പെട്ടവര്‍ കാത്തിരിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ തന്നെ രസകരമാണെങ്കിലും ഇതല്ല ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിച്ചത്. രംഗത്തിലെ വധുവിന്റെ പ്രതികരണമാണ് ഏറെ രസകരം. ക്യാമറ തുടക്കത്തില്‍ വരനെ മാത്രമാണ് ഫോക്കസ് ചെയ്തിരുന്നതെങ്കിലും പിന്നീട് വധുവിന്റെ ഭാവമെന്തെന്ന് അറിയാന്‍ ഹാളിന്റെ വിവിധ ഭാഗങ്ങളില്‍ ഫോക്കസ് ചെയ്ത് അവളെ കണ്ടെത്തുകയായിരുന്നു. പരന്പരാഗത മഹാരാഷ്ട്രിയന്‍ വസ്ത്രം ധരിച്ച വധു രംഗം കണ്ട് പൊട്ടിച്ചിരിക്കുന്നത് കാണാം.

അല്‍പ സമയത്തിന് ശേഷം ക്യാമറ വരനിലേക്ക് തന്നെ തിരിച്ചെത്തുന്നു. തുടര്‍ന്ന് അദ്ദേഹം ജോലി പൂര്‍ത്തിയാക്കി ലാപ്‌ടോപ് മറ്റൊരാള്‍ക്ക് കൈമാറുകയും വിവാഹത്തിന് തയ്യാറായി എന്നറിയിക്കുകയും ചെയ്യുന്നു.

ഇന്‍സ്റ്റഗ്രാമിലെ ഒരു പ്രശസ്ത വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവെക്കുന്ന അക്കൗണ്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ എഴുതിയതിങ്ങനെയാണ്, ''വര്‍ക്ക് ഫ്രം ഹോം? അല്ല... വര്‍ക്ക് ഫ്രം വെഡ്ഡിംഗ്.'' അടിക്കുറിപ്പായി പേജ് ഇങ്ങനെയും എഴുതിയിട്ടുണ്ട്, ''ജോലി ചെയ്യുന്ന വരനും ചിരിക്കുന്ന വധുവും, 2021 ലെ വിവാഹത്തിലേക്ക് സ്വാഗതം.''

നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ പ്രതികരണങ്ങുമായി രംഗത്തെത്തിയത്. രസകരമായ നിരവധി കമന്റുകളും, തമാശകളും ആളുകള്‍ എഴുതിയിട്ടുണ്ട്. അതേസമയം വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. വിഷമയമായ ജോലി സംസ്‌കാരമാണ് വര്‍ക്ക് ഫ്രം ഹോം എന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ വൈറലായ വീഡിയോയില്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യുകയല്ലെന്നും വീഡിയോ കോള്‍ സെറ്റ് ചെയ്യുകയാണെന്നും ഒരാള്‍ പറയുന്നുണ്ട്. ഒരാള്‍ ഇങ്ങനെ എഴുതി, ''അദ്ദേഹം ജോലി ചെയ്യുകയല്ല. അദ്ദേഹം വീഡിയോ കോള്‍ സെറ്റ് ചെയ്യുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ചടങ്ങുകള്‍ ലൈവായി കാണാന്‍ വേണ്ടിയാണിത്.''