Sports
ശ്രീലങ്കന്‍ പര്യടനം; ആദ്യ ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം
ശ്രീലങ്കയ്ക്കെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. 38 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 126 റൺസിൽ വീണു. ഇന്ത്യയ്ക്കായി സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0).
സ്കോർ:
ഇന്ത്യ 164/5 (20)
ശ്രീലങ്ക 126 (18.3)
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തിനിറങ്ങിയ പൃഥ്വി ഷാ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സൂര്യകുമാർ യാദവ് 50(34), ക്യാപ്റ്റൻ ശിഖാർ ധവാൻ 46(36), സഞ്ജു സാംസൺ 27(20) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. അവസാന ഓവറുകളിൽ റൺസ് അടിച്ചെടുക്കാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല. ലങ്കയ്ക്കായി ചമീര,ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ശ്രീലങ്കയ്ക്കും മികച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർ ഫെർണാണ്ടോ 26(23) പിടിച്ചു നിൽക്കാൻ ശ്രമിച്ചു. പൊരുതിക്കളിച്ച അസലങ്കയെ 46(26) ദീപക് ചഹാർ മടക്കിയതോടെ ലങ്കയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. പിന്നീട് തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ വിജയം ഉറപ്പിച്ചു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ നാലും ദീപക് ചഹാർ രണ്ടും വിക്കറ്റെടുത്തു.