kerala
നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം
കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കൈയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവന്‍കുട്ടി, കെ. അജിത്, സി. കെ. സദാശിവന്‍, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ഇപി ജയരാജന്‍ കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.