നിയമസഭാ കയ്യാങ്കളി കേസില് സുപ്രീംകോടതിയുടെ നിര്ണായക വിധി ഇന്ന്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കയ്യാങ്കളി കേസ് പിന്വലിക്കാന് അനുമതി തേടി സംസ്ഥാന സര്ക്കാരും, മന്ത്രി വി ശിവന്കുട്ടി അടക്കം ആറ് ഇടതു നേതാക്കളും സമര്പ്പിച്ച അപ്പീലുകളിലാണ് വിധി പറയുക.
വാദത്തിനിടെ സര്ക്കാരിനെതിരെ രൂക്ഷ പരാമര്ശങ്ങള് കോടതി നടത്തിയിരുന്നു. ഇത് വിധിയിലും പ്രതിഫലിച്ചാല് സര്ക്കാരിന് വലിയ തിരിച്ചടിയാകും. എംഎല്എമാര്ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള് ചൂണ്ടികാട്ടി കേസ് നിലനില്ക്കില്ല എന്നായിരുന്നു സര്ക്കാര് വാദിച്ചത്. എന്നാല് എംഎല്എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള് അടിച്ച് തകര്ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.
കേസ് അവസാനിപ്പിക്കാന് എന്ത് പൊതുതാല്പ്പര്യമെന്ന ചോദ്യവും കോടതി ഉയര്ത്തിയിരുന്നു. എംഎല്എമാരുടെ പരിരക്ഷ സംബന്ധിച്ചും നിയമനിര്മ്മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ചും വിശദമായ പരാമര്ശങ്ങള് കോടതി വിധിയില് ഉണ്ടാകാന് സാധ്യതയുണ്ട്.