Headlines
Loading...
തെലങ്കാന തരംഗം അവസാനിച്ചു; ഓഹരി വിപണിയില്‍ കൂപ്പുകുത്തി കിറ്റെക്‌സ്

തെലങ്കാന തരംഗം അവസാനിച്ചു; ഓഹരി വിപണിയില്‍ കൂപ്പുകുത്തി കിറ്റെക്‌സ്

മുംബൈ: തെലങ്കാനയിലേക്ക് കൂറുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ കിറ്റെക്‌സിന് തിരിച്ചടി. കമ്പനി തെലങ്കാനയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടിയാണ് കമ്പനി നേരിടുന്നത്. വ്യാഴ്‌ഴ്ച്ച ആരംഭിച്ച തകര്‍ച്ച ഇന്നും തുടരുകയാണ്. തെലങ്കാന പ്രഖ്യാപനത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിപണിയിലെ ട്രെന്‍ഡ് മാറിയതെന്നാണ് സൂചന.

വ്യാഴായ്ച്ച 217.80 രൂപയ്ക്കാണ് കമ്പനി വ്യാപാരം തുടങ്ങിയത്. പിന്നീട് ഇത് 223.90ലേക്ക് ഉയര്‍ന്നു. എന്നാല്‍ ഈ മുന്നേറ്റം നിലനിന്നില്ല. വ്യാഴാഴ്ച്ചത്തെ വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ മൂല്യം 183.65 രൂപയിലേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച്ചയും തകര്‍ച്ച തുടരുകയാണ്. ഇപ്പോള്‍ 176.00 രൂപയിലാണ് കിറ്റെക്‌സിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 179.80 രൂപയാണ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒരുഘട്ടത്തില്‍ ഇന്ന് 167.65 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു.

കമ്പനിയില്‍ വലിയ ശതമാനം നിക്ഷേപം നടത്തിയ രണ്ടു പേര്‍ 12 ലക്ഷം രൂപയുടെ ഓഹരികള്‍ ബള്‍ക്ക് വില്‍പ്പന നടത്തി. 85.91 ലക്ഷം ഓഹരികളാണ് വ്യാഴാഴ്ച്ച കമ്പനി വിറ്റഴിച്ചത്. ഏതാണ്ട് 168.51 കോടി രൂപ മൂല്യം വരുന്നതാണ് പ്രസ്തുത ഓഹരി. ഇതില്‍ 29.07 ലക്ഷം ഓഹരികള്‍ക്ക് മാത്രമാണ് ഡെലിവറി വാങ്ങലുകള്‍ ഉണ്ടായത്. 56.84 ലക്ഷം ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ വിപണി മൂല്യത്തില്‍ 156.78 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മൂന്ന് ദിവസം തുടര്‍ച്ചയായി അപ്പര്‍ പ്രൈസ് ബാന്‍ഡിലേക്ക് കിറ്റെക്‌സ് എത്തിയിരുന്നു.

തെലങ്കാനയിലേക്ക് കളം മാറുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 44.23 ശതമാനമാണ് കിറ്റെക്‌സിന്റെ ഓഹരി മൂല്യം വര്‍ദ്ധിച്ചത്. കേരളം വിടാനുള്ള തീരുമാനമാണ് മുന്നേറ്റത്തിന് കാരണമെന്ന് കമ്പനി ചെയര്‍മാന്‍ സാബു എം ജേക്കബ് അവകാശപ്പെട്ടിരുന്നു. തുടര്‍ച്ചയായി കമ്പനിയുടെ മുന്നേറ്റം സ്ഥിരതയുള്ളതല്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.