Headlines
Loading...
സ്ത്രീധനനിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വനിത ശിശുക്ഷേമ വകുപ്പ്; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍

സ്ത്രീധനനിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വനിത ശിശുക്ഷേമ വകുപ്പ്; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍

സംസ്ഥാനത്തെ സ്ത്രീധന നിരോധന നിയമങ്ങളില്‍ ഭേദഗതി. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഉത്തരവിറക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ജില്ലാ അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചതായി ആരോഗ്യ- വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുന്‍പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമാണ് സ്ത്രീധന നിരോധന ഓഫീസര്‍മാരുണ്ടായിരുന്നത്. ഈ രീതിയ്ക്ക് പകരമായി 14 ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമഭേദഗതി.

ജില്ലാതലത്തിലെ സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കുന്നതിനായി വിവിധ സന്നദ്ധസംഘടനകള്‍ താല്‍പര്യമറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കായി കോളെജുകളുമായി സഹകരിച്ചുകൊണ്ട് സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായുള്ള നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പരിപാടികള്‍ ആവിഷ്‌കരിച്ചുവരികയാണ്.

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന സമയത്തു തന്നെ ഇതാനയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം.

അവരുടെ അഡ്മിഷനൊപ്പം സ്ത്രീധനം വാങ്ങില്ലെന്ന പ്രസ്താവനയില്‍ ഒപ്പിടണം എന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.