Headlines
Loading...
ഐഎസ്ആര്‍ഒ കേസ്: സിബിഐക്ക് സ്വാതന്ത്ര്യം; അറസ്റ്റ് പാടില്ലെന്നും കോടതി

ഐഎസ്ആര്‍ഒ കേസ്: സിബിഐക്ക് സ്വാതന്ത്ര്യം; അറസ്റ്റ് പാടില്ലെന്നും കോടതി

സിബിഐ അന്വേഷിക്കുന്ന ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളായ മുന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടഞ്ഞ് കേരളാ ഹൈക്കോടതി. ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവരുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും രണ്ടാഴ്ചത്തേയ്ക്ക് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്രതികളോട് കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Indiatoday Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

അതേസമയം, ഐഎസ്ആര്‍ഒ ഗൂഢാലോചന കേസന്വേഷണവുമായി സിബിഐക്ക് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. നിയമപരമായ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടതില്ല. ഡി കെ ജെയിന്‍ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരെ നടന്ന ഗൂഢാലോചനയില്‍ കൂടുതല്‍ സ്വതന്ത്രമായ അന്വേഷണത്തിലേക്ക് സിബിഐക്ക് നീങ്ങാം എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. അതിനായി പ്രത്യേക അനുമതി തേടേണ്ട സാഹചര്യം ഇല്ല. ജസ്റ്റിസ് ഡി കെ ജെയിന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നമ്പി നാരായണനെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിന്‍മേലുള്ള നടപടി റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയത്.

ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇപ്പോള്‍ സിബിഐക്ക് കൂടുതല്‍ സ്വതന്ത്രമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജെയിന്‍ സമിതി റിപ്പോര്‍ട്ടില്‍ മാത്രം അന്വേഷണം ഒതുങ്ങേണ്ട സാഹചര്യം ഇല്ല. കൂടുതല്‍ തെളിവുകള്‍ കിട്ടുകയാണെങ്കില്‍ സ്വതന്ത്രമായ അന്വേഷണവുമായി സിബിഐക്ക് മുന്നോട്ട് പോകാം. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.

ജെയിന്‍ സമിതിയെ രൂപീകരിച്ചത് സുപ്രീം കോടതിക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതിനു വേണ്ടിയായിരുന്നു. ഇനി ജസ്റ്റിസ് ഡി കെ ജെയിന്‍ സമിതി തുടരേണ്ട സാഹചര്യം ഇല്ല. കേസില്‍ നിയമപരമായ നടപടകള്‍ സിബിഐക്ക് സ്വീകരിക്കാം. പ്രതികള്‍ക്കും നിയമപരമായ അവകാശങ്ങളുണ്ടെന്നും, അത് ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.