Headlines
Loading...
‘ഉപവാസത്തില്‍ രാഷ്ട്രീയമില്ല; മുഖ്യമന്ത്രിയുടെ പിന്തുണ’; തെറ്റിദ്ധാരണ പരത്തരുതെന്നും ഗവര്‍ണര്‍

‘ഉപവാസത്തില്‍ രാഷ്ട്രീയമില്ല; മുഖ്യമന്ത്രിയുടെ പിന്തുണ’; തെറ്റിദ്ധാരണ പരത്തരുതെന്നും ഗവര്‍ണര്‍

സ്ത്രീ സുരക്ഷ കേരളത്തിനായി നടത്തിയ ഉപവാസത്തില്‍ രാഷ്ട്രീയമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉപവാസത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിരുന്നു. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീ സുരക്ഷയിലും സ്ത്രീധനത്തിനെതിരെയും അവബോധമുണ്ടാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപവാസത്തില്‍ പ്രതിപപക്ഷ നേതാക്കളും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ കേരള പൊലീസ് ശക്തമായി ഇടപെടുന്നുണ്ട്. എന്നാല്‍ നിയമത്തിനും പൊലീസിനും മാത്രം പരിഹാരം കാണാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന വിവാഹങ്ങളില്‍ സ്ത്രീധനം ഇല്ലെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് വിദ്യാര്‍ഥികളില്‍ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറുമണിവരെ പത്ത് മണിക്കൂറാണ് ഗവര്‍ണര്‍ ഉപവാസമിരുന്നത്. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായാണ് ഉപവാസ പ്രാര്‍ഥന ഒരുക്കിയത്. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കികൊണ്ട് സംസ്ഥാനവ്യാപകമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രത പരിപാടികളുടെ ഉത്ഘാടനവും ഗാന്ധിഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു