ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളും മുന്‍ ഇതിഹാസവുമായ എംഎസ് ധോണി പിറന്നാള്‍ നിറവില്‍. ബുധനാഴ്ച (ജൂലൈ 7) ക്യാപ്റ്റന്‍ കൂളിന് 40ലേക്കു കടക്കുകയാണ്. ഇതിനകം തന്നെ ധോണിയുടെ പിറന്നാള്‍ ആഘോഷം ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡിങിലേക്കു വന്നിരിക്കുകയാണ് അദ്ദേഹം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ആരാധകര്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്. സപ്തംബറില്‍ ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ നടക്കാനിരിക്കെ പ്രശസ്തമായ ഏഴാം നമ്പറില്‍ അദ്ദേഹത്തെ വീണ്ടും ഗ്രൗണ്ടില്‍ കാണാം.
കുടുംബം, വിദ്യാഭ്യാസം:
1981 ജൂലൈ ഏഴിന് ബിഹാറിലെ (ഇപ്പോള്‍ ജാര്‍ഖണ്ഡ്) റാഞ്ചിയിലാണ് ഹിന്ദു രാജ്പുത് കുടുംബത്തില്‍ ധോണി ജനിച്ചത്. പാന്‍സിങും ദേവകി ദേവിയുമാണ് മാതാപിതാക്കള്‍. ധോണിക്കു ഒരു സഹോദരനും സഹോദരിയുമുണ്ട്- നരേന്ദ്രസിങ് ധോണിയും ജയന്തി ഗുപ്തയും.
ബികോം ബിരുദധാരിയാണ് ധോണി. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് 2001 മുതല്‍ 03 വരെ ഖരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് എക്‌സാമിനറായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
വരുമാനം:
ലോകത്തിലെ തന്നെ ഏറ്റവുമധികം വരുമാനമുള്ള കായിക താരങ്ങളിലൊരാളാണ് ധോണി. അദ്ദേഹത്തിന്റെ ഏകദേശം വരുമാനം 785 കോടിയോളം രൂപയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 32 ശതമാനം ധോണിയുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ പറയുന്നു. വരുമാനത്തിന്റെ വലിയൊരു പങ്കും പരസ്യങ്ങളില്‍ നിന്നാണ്.
പ്രതിമാസം നാലു കോടിയിലധികവും വര്‍ഷത്തില്‍ 50 കകോടിയില്‍ അധികവുമാണ് ധോണിക്കു ലഭിക്കുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെയില്‍ അദ്ദേഹത്തിന്റെ ശമ്പളം 15 കോടി രൂപയാണ്.
ഐപിഎല്ലിലെ ശമ്പളം
2018 മുതല്‍ 15 കോടിയാണ് ധോണിക്കു പ്രതിവര്‍ഷം സിഎസ്‌കെ ശമ്പളമായി നല്‍കുന്നത്. എന്നാല്‍ 2008ലെ പ്രഥമ സീസണില്‍ ആറു കോടിയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. 2010വരെ ഇതു തുടര്‍ന്നു. 2011 മുതല്‍ 8.28 കോടിയായി ഇതു വര്‍ധിപ്പിച്ചു. 2014ല്‍ ഇതു 12.5 കോടിയിലെത്തി. 16, 17 സീസണില്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലെത്തി. അവിടെയും 12.5 കോടി തന്നെ ലഭിച്ചു. 2018ലെ മെഗാ ലേലത്തില്‍ സിഎസ്‌കെയിലേക്കു മടങ്ങിയെത്തിയതു മുതല്‍ 15 കോടിയാണ് ശമ്പളം.
സാക്ഷി സിങുമായുള്ള
വാഹത്തിനു മുമ്പ് ധോണിക്കു മറ്റൊരു പ്രണയമുണ്ടായിരുന്നു. 20കളിലാണ് പ്രിയങ്ക ജായെന്ന പെണ്‍കുട്ടിയുമായി ധോണി പ്രണയത്തിലാവുന്നത്. ഈ കാലത്ത് ദേശീയ ടീമിലെത്താനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു അദ്ദേഹം. അതിനിടെയാണ് 2002ല്‍ പ്രണയിനിയായ പ്രിയങ്ക ഒരു അപകടത്തില്‍ മരിക്കുന്നത്.
2010ലായിരുന്നു സാക്ഷിയെ ധോണി വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ സ്‌കൂള്‍മേറ്റ് കൂടിയായിരുന്നു സാക്ഷി. ഇപ്പോള്‍ ഇരുവരുവര്‍ക്കും സിവയെന്ന ഒരു മകളുണ്ട്.
ഐസിസി ട്രോഫികള്‍
ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കിരീടമേറ്റു വാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയിലായിരുന്നു ധോണി ടീമിനെ ജേതാക്കളാക്കിയത്.
ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെയും ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെയും ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രണ്ടു തവണ സ്വന്തമാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡ് ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്.
ഫുട്‌ബോള്‍, ലഫ്റ്റനന്റ് കേണല്‍
സ്‌കൂള്‍ കാലഘട്ടത്തില്‍ ഫുട്‌ബോളിനോടായിരുന്നു ധോണിക്കു കമ്പം. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കൂടിയായിരുന്നു അദ്ദേഹം. ഗോള്‍കീപ്പിങിലെ അസാധാരണ മിടുക്ക് കണ്ട് സ്‌കൂള്‍ ടീം കോച്ചാണ് ധോണിയോടാണ് ക്രിക്കറ്റിലേക്കു മാറാനും വിക്കറ്റ് കീപ്പിങില്‍ ശ്രദ്ധിക്കാനും ഉപദേശിക്കുന്നത്.
2011ല്‍ ധോണിയെ ഇന്ത്യന്‍ ടെറിറ്ററി ആര്‍മി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചിരുന്നു. കൂടാതെ ഖേല്‍രദ്‌ന, പദ്മശ്രീ, പദ്മഭൂഷണ്‍ എന്നിവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.