‘ചരക്ക് സേവന നികുതി വകുപ്പിലെ അധിക തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക്’; ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍
സംസ്ഥാനത്ത് ജിഎസ്ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ചരക്ക് സേവന നികുതി വകുപ്പില്‍ അധികം വന്ന തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഗ്രാമപഞ്ചായത്തുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തിക അധികമായി സൃഷ്ടിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തസ്തിക സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകള്‍ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍നടപടികള്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
ചരക്ക് സേവന നികുതി വകുപ്പില്‍ നിന്നും സ്വാഭാവികമായി റദ്ദായി പോകുന്ന 208 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളാണ് ഏറെ ജോലിഭാരം ഉള്ള പഞ്ചായത്ത് വകുപ്പിലേക്ക് മാറ്റി വിന്യസിക്കുന്നത്. അടിസ്ഥാന തലത്തില്‍ ജനസേവന രംഗത്തുള്ള പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടിയുമാണിത്.
റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നിയമനം വേഗത്തില്‍ പരിഗണിക്കണമെന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ ആവശ്യത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നതിനൊപ്പം റാങ്ക് ലിസ്റ്റുകള്‍ നീട്ടി നല്‍കിയ കാലാവധിക്കകം തന്നെ പരമാവധി ഒഴിവുകള്‍ കണ്ടെത്തി ജനങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് വിന്യസിക്കുകയും സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്ത് തൊഴില്‍ നല്‍കുമെന്ന ഉറപ്പ് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും മന്ത്രി പറഞ്ഞു.
ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ചരക്കുസേവന നികുതി വകുപ്പില്‍ അധികം വന്ന 208 തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക് മാറ്റുന്നതിന് മന്ത്രിസഭ തീരുമാനിച്ചിരുന്നു.
വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ തസ്തികകള്‍ ശാസ്ത്രീയമായി 14 ജില്ലകളിലേക്കും വിന്യസിക്കുകയും അവ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സാധിച്ചു.
ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തിക മാത്രമുള്ള 457 ഗ്രാമപഞ്ചായത്തുകളില്‍ വര്‍ദ്ധിച്ച ജോലിഭാരം ലഘൂകരിക്കുന്നതിനായി ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തിക കൂടി അനുവദിക്കുന്നതിന് പ്രഥമ പരിഗണന നല്‍കിക്കൊണ്ടും അതേസമയംതന്നെ ജില്ലകളിലെ നിലവിലെ കേഡര്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ശ്രദ്ധിച്ചു കൊണ്ടുമുള്ള ശാസ്ത്രീയമായ രീതിയാണ് തസ്തിക വിന്യസിക്കുന്നതിന് അവലംബിച്ചതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.