
സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമെന്ന് സിപിഐഎം; ‘എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണം’
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്റ്റാന്‍ സ്വാമിയുടെ മരണം ബിജെപി സര്‍ക്കാരിന്റെ ക്രൂരമായ ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമാണെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാന്‍ തയ്യാറാവണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
സിപിഐഎം പ്രസ്താവന: ”ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സിപിഐഎം ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മരണം ഒരു കസ്റ്റഡി കൊലപാതകമാണ്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാന്‍ സ്വാമി നിരവധി അസുഖങ്ങള്‍ കാരണം ക്ഷീണിതനായിട്ടും ജാമ്യം നല്‍കാന്‍ എന്‍ ഐ എ തയ്യാറായില്ല. ഒടുവില്‍ കോടതി ഇടപെടലുണ്ടായപ്പോള്‍ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ അത് പോലും വളരെ വൈകിപ്പോയിരുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം ബിജെപി സര്‍ക്കാരിന്റെ ക്രൂരമായ ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ്. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാന്‍ തയ്യാറാവുക.”

ഭീമ കോറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് ഫാ. സ്റ്റാന്‍ സ്വാമി (84) മരണത്തിന് കീഴടങ്ങിയത്. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു മരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില മോശമാവുകയും ചെയ്യുകയായിരുന്നു. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.
2018 ജനുവരി 1നാണ് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യനില മോശമായതും മരണം സംഭവിച്ചതും. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.