18 കോടി രൂപയും സ്വരൂപിച്ചു, മുഹമ്മദിന് ഉടൻ മരുന്ന് ലഭ്യമാക്കും
കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രക്കും സഹോദരന്‍ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനും ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപയും ലഭിച്ചു. കുട്ടിക്ക് സഹായം നല്‍കണം എന്നാവശ്യപ്പെട്ട് കേരളം ഒന്നാകെ കൈകോര്‍ത്തതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ളവരുടെ സഹായം മുഹമ്മദിനേയും കുടുംബത്തേയും തേടി എത്തുകയായിരുന്നു.
പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഒന്നരവയസുകാരന്‍ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ഈ വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും. ഇതാണ് ഇപ്പോള്‍ സുമനസ്സുകളുടെ സഹായത്തോടെ ഫലം കണ്ടിരിക്കുന്നത്.
റഫീഖിന്റെ മൂത്ത മകള്‍ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീല്‍ചെയറില്‍ കഴിയുന്ന അഫ്ര നിലവിലെ മുഹമ്മദിന്‍റെ സ്ഥിതിയില്‍ ആശങ്കയിലായിരുന്നു.
രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷെ വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയാണ്. മകനെ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാന്‍ സുമനസുകളുടെ സഹായം അപേക്ഷിച്ച പിതാവ് റഫീഖിന്‍റെ ഒപ്പം ഉണ്ടെന്ന ഉറപ്പാണ് ലോകം നല്‍കിയത്.