kerala
റമീസ് ഓടിച്ചത് അര്‍ജ്ജുന്‍ ആയങ്കിയുടെ ബൈക്ക്; വാഹനാപകടം കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദൂരൂഹത. റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് അപകടം. വ്യഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ റമീസ് എത്തിയിരുന്നില്ല, പിന്നാലെയാണ് രാത്രി വൈകിയുണ്ടായ അപകടത്തില്‍ ഇയാള്‍ കൊല്ലപ്പെടുന്നത്.
കണ്ണൂര്‍ അഴീക്കോട് വച്ച് റമീസ് ഓടിച്ചിരുന്ന ബൈക്ക് കാറിലിടിച്ചായിരുന്നു അപകടം ഉണ്ടായത്. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, റമീസ് ഓടിച്ചിരുന്ന ബൈക്ക് അര്‍ജുന്‍ ആയങ്കിയുടേതാണെന്നാണ് റിപ്പോര്‍ട്ട്. അര്‍ജുനുമായുള്ള റമീസിന്റെ അടുപ്പം വ്യക്തമാക്കുന്നതാണ് ബൈക്കിന്റെ ഉപയോഗം. കരിപ്പൂരില്‍ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തില്‍ റമീസും ഉണ്ടായിരുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലായിരുന്നു റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടര്‍ന്ന് കസ്റ്റംസ് ഇയാളുടെ വീട്ടില്‍ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. എന്നാല്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.