Headlines
Loading...
എം ടി വാസുദേവൻനായർക്ക്‌ ഇന്ന്‌ 88–-ാം പിറന്നാൾ

എം ടി വാസുദേവൻനായർക്ക്‌ ഇന്ന്‌ 88–-ാം പിറന്നാൾ

കോഴിക്കോട്‌ എം ടി വാസുദേവൻനായർക്ക്‌ വ്യാഴാഴ്‌ച 88–-ാം പിറന്നാൾ. കോവിഡ്‌ കാലമായതിനാൽ ആഘോഷമില്ലാതെ സാധാരണ ദിനമായാണ്‌ രണ്ടുവർഷമായി എം ടിക്ക്‌ പിറന്നാളും. ഇത്തവണയും സവിശേഷതകളില്ലാതെ ജന്മദിനം കടന്നുപോകുമെന്ന്‌ എം ടി പറഞ്ഞു. മഹാമാരിയുടെ ഈ കാലം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്‌. വീടുകളിലൊതുങ്ങിയ ജീവിതം വലിയ ആധിയുണ്ടാക്കുന്നു. വായിക്കാൻ പുസ്‌തകം പോലും കിട്ടുന്നില്ല.

സമൂഹത്തിന്റെയാകെ അവസ്ഥയിതാണല്ലോ. നമുക്കു മാത്രം  എന്തു ചെയ്യാനാകും. ഈ കാലവും കഴിയുന്നത്ര വേഗം മാറുമെന്ന്‌ പ്രതീക്ഷിക്കാം –-ജന്മദിനത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലിന്‌ എം ടിയുടെ പ്രതികരണമിങ്ങനെയായിരുന്നു.  1933 ജൂലൈ 15 -നാണ്‌ (കർക്കടകത്തിലെ ഉത്രട്ടാതി) എം ടിയുടെ ജനനം. ജന്മദിനത്തിന്‌ പതിവുണ്ടായിരുന്ന മൂകാംബിക ദർശനവും കുറച്ചു വർഷമായി ഇല്ല.  കോഴിക്കോട്‌ കൊട്ടാരം റോഡിലെ സിതാരയിൽ നിന്ന്‌ ഈ കോവിഡ്‌ കാലത്ത്‌ എം ടി പുറത്തിറങ്ങിയത്‌ വളരെ ചുരുക്കം വേളയിൽ മാത്രം. ഫെബ്രുവരിയിൽ തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻദിനാഘോഷത്തിന്‌ പോയതാണതിൽ പ്രധാനം. 

തുഞ്ചൻ സ്‌മാരക ട്രസ്‌റ്റ്‌ ചെയർമാനായതിനാൽ ഒഴിച്ചുകൂടാനാകാത്തതിനാലായിരുന്നു. മകൾ അശ്വതിയുടെ കോഴിക്കോട്ടെ വീട്ടിലും കുറച്ചുനാൾ താമസിച്ചു.   പ്രിയ എഴുത്തുകാരനെ തേടി സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുമെല്ലാം ഈ കാലത്ത്‌ സിതാരയിലെത്തുകയുണ്ടായി. മഹാവ്യാധിക്കാലം കഴിഞ്ഞാൽ  കഥകളുടെ ചലച്ചിത്രഭാഷ്യമടക്കമുള്ള സർഗാത്മക പദ്ധതികളുടെ ആലോചനയിലാണ്‌ എംടി