kerala
മാസം 500 രൂപ, വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്; വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ
വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് നല്‍കുന്നതിനായി കെഎസ്എഫ്ഇയുടെ പുതിയ വായ്പാ പദ്ധതി. ലാപ്‌ടോപ്പ്, ടാബ്‌ലറ്റുകള്‍ എന്നിവ വാങ്ങിയതിന്റെ ബില്ല് നല്‍കിയാല്‍ 20,000 വരെ വായ്പ അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണയായി തിരിച്ചു അടയ്ക്കണം. വിദ്യാശ്രീ പദ്ധതി വഴി ലാപ്പ് ടോപ്പ് നല്‍കുന്നതില്‍ കാലതാമസം നേരിടുന്നത് മൂലമാണ് പുതിയ തീരുമാനം. ലാപ്പ്‌ടോപ്പുകള്‍ സമയബന്ധിതമായി നല്‍കാതിരുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കെഎസ്എഫ്ഇ എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്: കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.എസ്.എഫ്.ഇ വിദ്യാശ്രീ പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ തിരിച്ചടവില്‍ 15,000 രൂപയുടെ ലാപ്‌ടോപ്പുകള്‍ അനുവദിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 30 തവണകള്‍ ആയിട്ടായിരുന്നു വായ്പ തിരിച്ചടയ്‌ക്കേണ്ടത്. എന്നാല്‍ ലാപ്‌ടോപ്പുകള്‍ നല്‍കാമെന്നേറ്റിരുന്ന കമ്പനികള്‍ സമയബന്ധിതമായി ഓര്‍ഡറുകള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത സാമഗ്രികള്‍ ലഭ്യമാകാത്തതു കൊണ്ടാണ് ലാപ്‌ടോപ്പുകള്‍ വൈകുന്നത് എന്നാണ് അവരുടെ വിശദീകരണം. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അടിയന്തിരമായി യോഗം ചേരുകയും പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി.
1) പുതിയൊരു വായ്പ പദ്ധതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പുകള്‍ / ടാബ്‌ലറ്റുകളുടെ ബില്‍ / ഇന്‍വോയ്‌സ് ഹാജരാക്കിയാല്‍ 20000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ യില്‍ നിന്ന് അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ വായ്പ ലഭ്യമാകുക.
2) ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളും ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയ കമ്പനികള്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാന്‍ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി.