Headlines
Loading...
ഓണക്കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് സപ്ലൈക്കോ; 42 ലക്ഷം കിറ്റുകളില്‍ പായസത്തിന് ഉണക്കലരി

ഓണക്കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് സപ്ലൈക്കോ; 42 ലക്ഷം കിറ്റുകളില്‍ പായസത്തിന് ഉണക്കലരി

ഓണക്കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് സപ്ലൈക്കോ. കിറ്റിലെ എല്ലാ ഉല്‍പ്പന്നങ്ങളുടെ ഗുണനിലാവാരം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇതിനോടകം തന്നെ കിറ്റ് വിതരണകേന്ദ്രങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തകയും കഴിഞ്ഞ തവണ കിറ്റില്‍ നിലവാരം കുറഞ്ഞ പപ്പടം വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ പായസത്തിനായി ബഹുഭൂരിപക്ഷത്തിനും ആവശ്യമുള്ള ഉണക്കലരി ഉള്‍പ്പെടുത്തിയാതായി അധികൃതര്‍ അറിയിച്ചു. ഏകദേശം 42 ലക്ഷം കിറ്റുകളിലും ഉണക്കലരിയാണ് ഉള്ളത്. അവശേഷിക്കുന്നവയില്‍ സേമിയയുമാണ് ഉള്ളത്.

പാക്കറ്റില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനായി ട്രേഡ് മാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇ- ടെന്‍ഡര്‍ വഴിയാണ്‍ വിതരണക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ടെന്‍ഡറിലുള്ള സംസ്ഥാനത്ത് തന്നെയുള്ള ചെറുകിട ഇടത്തരം കമ്പനികള്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ തയ്യാറായാല്‍ പകുതി അവരില്‍ നിന്നും വാങ്ങാനാണ് സര്‍ക്കാര്‍ ഉത്തരവ്. അത്തരം ചിലര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിട്ടുള്ളത്.

റേഷന്‍ കടകള്‍ വഴി എ എ വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി എച്ച് എച്ച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും, എന്‍ പി എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും, എന്‍ പി എന്‍ എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും. സ്‌പെഷ്യല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28ന് അവസാനിക്കുമെന്നുമാണ് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.