kerala
വന്‍ കിട ലോണുകള്‍ക്ക് കമ്മീഷന്‍, 100 കോടിയുടെ ക്രമക്കേട്; കരിവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ കൊള്ള
കരിവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത് സമാനതകളില്ലാത്ത തട്ടിപ്പും, ക്രമക്കേടുമെന്ന് റിപ്പോര്‍ട്ട്. ബാങ്കിന്റെ നിക്ഷേപങ്ങളെയും, ആസ്തിയെയും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്നാണ് വിവരം. ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകളുള്ളത്. പ്രാഥമികാന്വേഷണത്തില്‍ 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടുമാണ് കണ്ടെത്തിയത്. പിന്നാലെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്ത് വരുന്നത്.
ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുെട വായ്പ നല്‍കുക. ചെറിയ തുകയുള്ള ഭൂമി ഈടുവെച്ച് ഭീമമായ വായ്പ നല്‍കിയ ശേഷം പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുക എന്നതാണ് മറ്റൊരു തട്ടിപ്പ്. ഇതുവഴി കോടികളുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെയെത്തിയ ഭീമമായ നിക്ഷേപം സ്വീകരിക്കല്‍ എന്നിവയാണ് മറ്റ് തട്ടിപ്പുകള്‍. ഇത്തരത്തില്‍ അഞ്ചുവര്‍ഷത്തിനിടെ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ ആദ്യനിഗമനം.
വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ ലക്ഷ്യമിട്ടും തട്ടിപ്പുകാര്‍ പ്രവര്‍ത്തിച്ചിരുന്നു. തിരിച്ചടവിന്റെ പേരില്‍ ഇടപാടുകാരെ സമ്മര്‍ദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്തിക്കുകയും ആ ഭൂമി തട്ടിയെടുക്കുകയുമായിരുന്നു മറ്റൊരു തന്ത്രം. ഈ ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാര്‍ കോടികള്‍ സമ്പാദിക്കുകയും ചെയ്‌തെന്നും ആരോപണമുണ്ട്.
അതേസമയം, കരിവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന്‍ വ്യവസ്ഥയിലാണെന്നാണ് മറ്റൊരു ആരോപണം. ബിജെപിയാണ് കമ്മീഷന്‍ ആരോപണവുമായി രംഗത്ത് എത്തിയത്. ഇത്തരത്തിലുള്ള ഒരോ ലോണിനും പത്ത് ശതമാനം കമ്മീഷന്‍ ഈടാക്കി.
ബാങ്കിൽ വൻകിട വായ്പകൾക്കായി ഇടനിലക്കാർ പ്രവർത്തിച്ചിരുന്നു എന്ന വിവരം പുറത്തു വന്നു.മുന്‍ ബ്രാഞ്ച് മാനേജന്‍ ബിജു, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ വഴിയാണ് വായ്പ നല്‍കിയിരുന്നത്. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ഒത്താശയോടെ വൻതുക വായ്പ അനുവദിപ്പിച്ച ശേഷം പത്ത് ശതമാനം കമ്മീഷൻ വാങ്ങുകയാണ് ഇവരുടെ രീതിയെന്നുമാണ് വിവരം.
ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി തേക്കടിയില്‍ മുന്‍ ബ്രാഞ്ച് മാനേജന്‍ പണിയുന്ന റിസോര്‍ട്ട് നിര്‍മാണത്തിന് പണം ശേഖരിക്കാനായിരുന്നു എന്നാണ് മറ്റൊരു ആരോപണം. 10 ശതമാനം കമ്മീഷനാണ് വായ്പകളില്‍ നിന്നും ഈടാക്കിയത് എന്നും ആരോപണമുണ്ട്. 8 ഏക്കറിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
തട്ടിപ്പിലൂടെ സ്വരൂപിച്ച പണം കൊണ്ട് പ്രതികൾ 9 വൻ സംരംഭങ്ങൾ തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 10.49 കോടി രൂപ മുടക്കി തേക്കടി റിസോർട്ട്സ് ലിമിറ്റഡ് എന്ന പേരിൽ റിസോർട്ട് ആരംഭിച്ചു. ബാങ്കിന്റെ മുൻ മാനേജർ എം.കെ. ബിജുവും കമ്മീഷൻ ഏജന്റ് ബിജോയിയും അടക്കം 8 പേരായിരുന്നു ഡയറക്ടർമാർ. ഇത് കൂടാതെ 50 ലക്ഷം രൂപ ചെലവിൽ ലക്സ് വേ ഹോട്ടൽ ആൻഡ് റിസോർട്സ് ലിമിറ്റഡ് എന്ന പേരിൽ മൂന്നാറിൽ ഹോട്ടൽ ശ്യംഖലയും നടത്തി.
തൃശൂരിലെ മാടായിക്കോണം കേന്ദ്രീകരിച്ച് സി സി എം ട്രേഡേഴ്സ് എന്ന പേരിൽ 10 ലക്ഷം രൂപ മൂലധനമായി പ്രതികൾ ഒരു കമ്പനി ആരംഭിച്ചിട്ടുണ്ട്. 98 ലക്ഷം രൂപ മൂലധനത്തിൽ പെസോ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയും ഇവർ നടത്തി. പ്രതികളായ ബിജു, ബിജോയ്, ജിൽസ്, കിരൺ തുടങ്ങിയവരും ഇവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് സ്ഥാപനങ്ങൾ നടത്തിയിരുന്നത്.