kerala
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്; നടി ലീന മരിയ പോളിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോളിന് അന്വേഷണ സംഘം നോട്ടീസ് അയച്ചു. രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ തിരിച്ചറിയുന്നതിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ലീന പോളിന്റെ സാമ്പത്തിക സ്രോതസ്സു സംബന്ധിച്ച വിവരങ്ങള്‍ രവി പൂജാരി എങ്ങനെ അറിഞ്ഞു എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ട പശ്ചാത്തലത്തിലാണ് താരത്തെ വിളിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീന മരിയയുടെ സുഹൃത്ത് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സൂചന.
കേസില്‍ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയെന്ന് സമ്മതിച്ച് രവി പൂജാരി വെടിവെപ്പു നടത്തിയത് തന്റെ സംഘമല്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. നടി ലീന മരിയ പോളിനെ നിരവധി തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നും എന്നാല്‍ തന്റെ സംഘമോ താന്‍ ഏര്‍പ്പാട് ചെയ്തവരോ അല്ല വെടിവെപ്പ് നടത്തിയതെന്നാണ് രവി പൂജാരിയുടെ മൊഴി. പെരുമ്പാവൂര്‍-കാസര്‍ഗോഡ് സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കുറ്റസമ്മതത്തില്‍ പറയുന്നു.
അധോലോക കുറ്റവാളി രവി പൂജാരിയെ കേസിലെ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ.
കേസിലെ മൂന്നാം പ്രതിയായ ഇയാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ബംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ജൂണ്‍ എട്ട് വരെയാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
2018 ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ലീന പൊലീസിന് മൊഴി നല്‍കിയിരുന്നു. തന്നോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും പണം നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമായിരുന്നു ലീനയുടെ മൊഴി. പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രവി പൂജാരി ചെയ്തിരുന്നു.