Headlines
Loading...
ആയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ആയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നിലനില്‍ക്കില്ല; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
മനോരമ ലേഖകൻ
JUNE 25, 2021 02:54 PM IST

SHARE
കൊച്ചി ∙ ചാനൽ പരാമർശത്തിന്റെ പേരിൽ സിനിമാ പ്രവർത്തക ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപ്‍ ഭരണകൂടത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. ഇവരുടെ അപേക്ഷയിൽ മുൻകൂർ ജാമ്യം അനുവദിച്ച് പുറത്തിറക്കിയ അന്തിമ ഉത്തരവിൽ കോടതി ആയിഷയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി. ഇവർ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയല്ല. ബയോവെപ്പൺ എന്ന പരാമർശം രാജ്യദ്രോഹമൊ ഭിന്നിപ്പുണ്ടാക്കുന്നതോ ആയി പരിഗണിക്കാനാവില്ല. 

ജൈവായുധം എന്ന പദം മാത്രം മാത്രം പരിഗണിക്കേണ്ടതില്ലെന്നും ഇവർ ഈ പദം ഉപയോഗിച്ച ഉദ്ദേശ്യം പരിഗണിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ ആയതിനാൽ കേസിന്റെ മെറിറ്റിലേയ്ക്കു കടക്കുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഉത്തരവിറക്കിയത്. 

രാവിലെ കേസ് പരിഗണിക്കുമ്പോൾ ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി കോടതി അറിയിക്കുകയായിരുന്നു. തുടർന്ന് ഇറക്കിയ ഉത്തരവിലാണ് വിധിയുടെ വിശദ വിവരങ്ങളുള്ളത്. കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ പ്രയോഗിച്ച ജൈവായുധമാണ് പുതിയ അഡ്മിനിസ്ട്രേറ്റർ എന്നതായിരുന്നു ചാനൽ ചർച്ചയിലെ പരാമർശം. ഇതേ തുടർന്ന് ആയിഷയ്ക്കെതിരെ സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. ജൈവായുധ പ്രയോഗത്തിൽ ഇവർ സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയെങ്കിലും അംഗീകരിക്കാൻ ഭരണകൂടം തയാറായില്ല. ഇതോടെയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയത്. 

കഴിഞ്ഞയാഴ്ച ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പൊലീസ് അറസ്റ്റു ചെയ്താലും രണ്ടു പേരുടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കണമെന്നും ചോദ്യം ചെയ്യലിന് അഭിഭാഷകനെ അനുവദിക്കണം എന്നും നിർദേശിച്ചിരുന്നു. തുടർന്ന് ഇവർ കഴിഞ്ഞ ദിവസങ്ങളിൽ കവരത്തി പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനു ഹാജരായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലാണ് പൊലീസ് നടത്തിയത്. ഇവരുടെ രാജ്യാന്തര ബന്ധം ഉൾപ്പടെയുള്ള വിവരങ്ങൾ പരിശോധിച്ച പൊലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം വിശദമായ പരിശോധന നടത്തിയിരുന്നു. 

ഇന്നലെയും ചോദ്യം ചെയ്യലിനു ഹാജരായപ്പോൾ അറസ്റ്റു ചെയ്യാതെ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ആവശ്യമുള്ളപ്പോൾ വിളിപ്പിക്കും എന്നു മാത്രമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ താൻ കൊച്ചിയിലേയ്ക്കു മടങ്ങുകയാണെന്ന് ആയിഷ സുൽത്താന അറിയിച്ചിരുന്നു.