kerala
ജൂവലറി ഉടമയെ ആക്രമിച്ച് 100 പവൻ കവർന്ന സഭവം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
തിരുവനന്തപുരം: പള്ളിപ്പുറത്ത് ജൂവലറി ഉടമയെ ആക്രമിച്ച് സ്വർണx കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. റൂറൽ എസ്.പി പി.കെ മധു സംഭവ സ്ഥലത്ത് പരിശോധന നടത്തി. ജൂവലറി ഉടമയേയും ഡ്രൈവറെയും സ്ഥലത്തെത്തിച്ച് വിശദമായി സംഭവം ചോദിച്ചറിഞ്ഞു.
അക്രമികൾ തട്ടിക്കൊണ്ടുപോയ ഡ്രൈവർ അരുണിനെ ഇറക്കി വിട്ട വാവറയമ്പലത്തും റൂറൽ എസ്പി പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നതായും എസ്പി പറഞ്ഞു.
നാല് മാസം മുൻപ് തക്കലയിൽ സമാനമായ സംഭവം നടന്നിരുന്നതായി ജ്വല്ലറി ഉടമ പോലീസിന് മൊഴി നൽകി.അന്ന് കേസിൽ പിടിയിലായ പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. അവരെ കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്പി സി.എസ് ഹരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടക്കുന്നത്.
സ്വർണ ഉരുപ്പടികൾ നിർമിച്ച് ആഭരണക്കടകൾക്കു നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവർ അരുണിനെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപം അജ്ഞാതസംഘം ആക്രമിച്ചത്. കാർ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേൽപിച്ച ശേഷം 100 പവനോളം മോഷ്ടിക്കുകയും ചെയ്തു. ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിൽ കൊടുക്കാൻ കൊണ്ടുവന്ന സ്വർണമാണ് നഷ്ടമായത്.