Headlines
Loading...
ഇന്ത്യക്ക്‌ സഹായവുമായി യുഎഇയും ജപ്പാനും യുഎസ്സും; ഇന്ന് നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗം

ഇന്ത്യക്ക്‌ സഹായവുമായി യുഎഇയും ജപ്പാനും യുഎസ്സും; ഇന്ന് നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗം

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ലോകരാജ്യങ്ങൾ. അമേരിക്കയിൽനിന്നുള്ള സഹായവുമായി ആദ്യവിമാനം ഡൽഹിയിൽ എത്തി.

20 ദശലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ നൽകാൻ അമേരിക്ക നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. കൂടാതെ 18 ദശലക്ഷം കോവിഡ് വാക്സിൻ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളും അമേരിക്ക കൈമാറും. മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളാണ് അമേരിക്ക ഇപ്പോൾ ഡൽഹിയിൽ എത്തിച്ചിരിക്കുന്നത്.


ജപ്പാനും ഇന്ത്യക്ക് സഹായഹസ്തം നീട്ടിയിട്ടുണ്ട്. 300 വീതം ഓക്സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളും ജപ്പാൻ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. യു.എ.ഇയിൽനിന്ന് ഏകദേശം 450 ബിപാപ്സുകളും 157 വെന്റിലേറ്ററുകളും മരുന്നുകളും ഇന്ന് പുലർച്ചെ ഡൽഹിയിൽ എത്തിയിരുന്നു. കൂടുതൽ രാജ്യങ്ങൾ വരുംദിവസങ്ങളിലും ഇന്ത്യക്ക് സഹായം നൽകുമെന്നാണ് കരുതപ്പെടുന്നത്.

വിദേശസഹായം സ്വീകരിക്കുന്ന നയത്തിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനയിൽനിന്നും സഹായം സ്വീകരിക്കാൻ ഇന്ത്യ സന്നദ്ധമായത്. അതേസമയം രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനുള്ള കേന്ദ്ര മന്ത്രിസഭയുടെ സമ്പൂർണയോഗം ഡൽഹിയിൽ അൽപസമയത്തിനകം ആരംഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.


മേയ് ഒന്നു മുതൽ 18-45 വയസ്സിനിടയിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സാധ്യമാകില്ലെന്നാണ് പൊതുവിൽ സംസ്ഥാനങ്ങൾ നൽകിയിരിക്കുന്ന വിവരം. രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോൾ കേന്ദ്രമന്ത്രിസഭയുടെ സമ്പൂർണ യോഗം ചേരുന്നത്.

എട്ടോളം സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം തീവ്രമാണെന്ന് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. പത്തുശതമാനത്തിൽ അധികം പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇതിനോടകം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞു. മേയ് 31-വരെ ഇത്തരത്തിൽ നിയന്ത്രണങ്ങൾ തുടരണം. 60 ശതമാനത്തോളം ഐ.സി.യു. കിടക്കകൾ ഉപയോഗിച്ച ജില്ലകൾക്കും ഈ നിർദേശം ബാധകമാണ്. ആളുകൾ കൂട്ടംചേരുന്നത് ഒഴിവാക്കണം. വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്ര ആഭ്യന്തര മന്ത്രലായം നിർദേശിച്ചിരിക്കുന്നത്.