
kerala
എക്സിറ്റ് പോൾ ഫലങ്ങൾക്കിടയിലും കോൺഗ്രസ് കുലുങ്ങാത്തതിന് കാരണം ഒന്നുമാത്രം, തെക്കൻ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി രണ്ടുനാൾ മാത്രം. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യഥാർത്ഥ ജനവിധി എന്താവുമെന്ന് അറിയാൻ ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും ജനങ്ങളും. എക്സിറ്റ് പോൾ സർവേകൾ എല്ലാം ഇടതുമുന്നണിക്ക് തുടർഭരണമാണ് പ്രവചിക്കുന്നത്. എന്നാൽ, സർവേകൾ വെറും അഭിപ്രായങ്ങൾ മാത്രമാണെന്നും ജനവിധി തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. ബി.ജെ.പിയും എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുന്നു. അതേസമയം, അടിയൊഴുക്കുകൾ ഉണ്ടാകാനുള്ള സാദ്ധ്യത ഇരുമുന്നണികളും കാണുന്നുണ്ട്.
തുടർ ഭരണം ഉറപ്പാണെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ നടത്തിയ കണക്കെടുപ്പുകളിലും അവർ വിശ്വാസമർപ്പിക്കുന്നു. വിവിധ ജില്ലകളിൽ നിന്നടക്കം ശേഖരിച്ച കണക്കുകൾ പരിശോധിച്ചാണ് തുടർഭരണം സി.പി.എം നേതൃത്വം ഉറപ്പാക്കുന്നത്. 85 വരെയോ, തരംഗമുണ്ടായാൽ 90ന് മുകളിൽ 100 വരെയോ വരെ സീറ്റുകൾ നേടാമെന്നാണ് കണക്കുകൂട്ടൽ. ചില മണ്ഡലങ്ങളിൽ അവസാന നിമിഷം മത്സരം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് 85 ഉറപ്പിക്കുന്നത്. 80 സീറ്റിൽ വരെ പ്രതീക്ഷ പറയുന്ന സി.പി.ഐ, പല മണ്ഡലങ്ങളിലും മത്സരം അവസാനം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ്.
യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിംലീഗും ജയമുറപ്പാക്കുന്നു. 75 മുതൽ 82വരെ കോൺഗ്രസ് കണക്കുകൂട്ടുമ്പോൾ മലബാറിൽ മതന്യൂനപക്ഷവികാരം അനുകൂലമെന്ന് വിലയിരുത്തുന്ന മുസ്ലിംലീഗ് അതിലും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകൾ ഇടതിന് എതിരായി മാറുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. നേമം ഉൾപ്പെടെ 7 മുതൽ 10വരെ മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിക്കുന്ന എൻ.ഡി.എ മൂന്ന് സീറ്റെങ്കിലും ഉറപ്പായി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.വാശിയേറിയ ത്രികോണപ്പോര് നടന്ന നേമം കൈവിടുമോ, നേമം വീണ്ടും കിട്ടുന്നതിനൊപ്പം മറ്റു സീറ്റുകൾ സ്വന്തമാവുമോ തുടങ്ങിയ ചിന്തകളാണ് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നത്. തുടർഭരണം കൈവിട്ടാൽ, സി.പി.എമ്മിലും സി.പി.ഐയിലും സ്ഥാനാർത്ഥിനിർണയമടക്കം ഉൾപ്പാർട്ടി വിമർശനത്തിന് വിധേയമാവും. മറിച്ചായാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം അജയ്യമാവും. ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വം ചോദ്യംചെയ്യപ്പെടും. മറിച്ചായാൽ, അഴിമതി ആരോപണങ്ങൾകൊണ്ട് സർക്കാരിനെ പ്രഹരിച്ച് വിജയം കൈവരിച്ച നായകനായി ചെന്നിത്തല വാഴ്ത്തപ്പെടും.
വോട്ടെണ്ണൽ 8 മുതൽ
ഞായറാഴ്ച രാവിലെ 8 മുതലും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ 8.30 മുതലും എണ്ണിത്തുടങ്ങും. 114 കേന്ദ്രങ്ങളിലായി 633 ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. 527ഹാളിൽ വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തിൽ പോസ്റ്റൽ വോട്ടുകളും എണ്ണുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിന് 140 ഹാളുകളായിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു ഹാളിൽ 14 കൗണ്ടിംഗ് ടേബിളുകളായിരുന്നു. ഇത്തവണ സാമൂഹ്യ അകലം ഉറപ്പാക്കാൻ ടേബിളുകൾ ഏഴായി കുറച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലാണ് വോട്ടെണ്ണൽ. റിസർവ് ഉൾപ്പെടെ 24,709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിലാവും സ്‌ട്രോംഗ് റൂമുകൾ തുറക്കുക.5,84,238 തപാൽ ബാലറ്റുകളാണ് വിതരണം ചെയ്തത്. ഇതിൽ 2,96,691 പേർ 80 വയസ് കഴിഞ്ഞവരും 51,711പേർ ഭിന്നശേഷിക്കാരും 601 പേർ കൊവിഡ് രോഗികളും 32,633 പേർ അവശ്യസർവീസുകാരും 2,02,602 പേർ പോളിംഗ് ഉദ്യോഗസ്ഥരുമാണ്. ഏപ്രിൽ 28 വരെ 4,54,237 പോസ്റ്റൽ വോട്ടുകൾ ലഭിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ 140 സ്‌ട്രോംഗ് റൂമുകളിലും മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് യന്ത്രങ്ങൾ 7 സ്‌ട്രോംഗ് റൂമുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. 49 സി.എ.പി.എഫ് കമ്പനികളാണ് സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ വഹിക്കുന്നത്. ഇതിനൊപ്പം സ്‌റ്റേറ്റ് ആംഡ് പൊലീസ് ബറ്റാലിയനും സംസ്ഥാന പൊലീസ് സേനയും സുരക്ഷയ്ക്കുണ്ട്. 50,496 ബാലറ്റ് യൂണിറ്റുകളും, 50,496 കൺട്രോൾ യൂണിറ്റുകളും, 54,349 വി.വി പാറ്റ് മെഷീനുകളുമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. ഉപതിരഞ്ഞെടുപ്പിന് 2,594 ബാലറ്റ് യൂണിറ്റുകളും, 2,578 കൺട്രോൾ യൂണിറ്റുകളും 2,851 വി.വി പാറ്റ് മെഷീനുകളും ഉപയോഗിച്ചു.