12 നില കെട്ടിടം തകര്‍ന്നു വീണു; നൂറോളം പേരെ കാണാനില്ല
ഫ്‌ളോറിഡയില്‍ 12 നില അപ്പാര്‍ട്ട്‌മെന്റ് തകര്‍ന്നു വീണു. 99 പേരെ കാണാനില്ല. മിയാമി നഗരത്തിലെ കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചതായി രക്ഷാ പ്രവര്‍ത്തക സംഘം സ്ഥിരീകരിച്ചു. 35 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ബില്‍ഡിംഗില്‍ എത്രപേരുണ്ടായിരുന്നെന്ന് ഇതുവരെ വ്യക്തമല്ല. 130 യൂണിറ്റുകളുള്ള കെട്ടിട സമുച്ചയത്തിന്റെ പകുതി ഭാഗമാണ് തകര്‍ന്നു വീണത്.
ഇത്ര വലിയ അപകടത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാത്രി ഏകദേശം ഒന്നര മണിയോടെയാണ് അപകടമുണ്ടായത്, കാണാതായവരില്‍ പെറുഗ്വാ പ്രസിഡന്റിന്റെ ഭാര്യാ സഹോദരിയും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കാണാതായവരുടെ കുടുംബാംഗങ്ങളുടെ ഫോണ്‍വിളികള്‍ക്ക് മറുപടി ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. സംഭവസ്ഥലത്ത് ഫെഡറല്‍ മാനേജ്‌മെന്റ് ഏജന്‍സി സംഘം രക്ഷാ പ്രവര്‍ത്തനത്തിനുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ സ്ഥലത്ത് എത്തിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.