Sports
ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍നിന്ന് മാറ്റിയേക്കും, യുഎഇയും ഒമാനും വേദിയാവും
ട്വന്റി 20 ലോകകപ്പ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കേണ്ട മത്സരങ്ങള്‍ മറ്റാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് സ്ഥിതി കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നും വേദി മാറ്റുന്ന വിഷയത്തില്‍ ബിസിസിഐക്കും എതിര്‍പ്പില്ലെന്നാണ് വിവരം. ഇക്കാര്യം ഐസിസിയുമായി പങ്കുവച്ചതായാണ് വിവരം.
അതേസമയം, ഇന്ത്യയില്‍ നിന്നും മത്സരങ്ങള്‍ മാറ്റിയാല്‍ ടൂര്‍ണമെന്റെ ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇ പ്രധാന വേദിയാവുമ്പോള്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലും മത്സരങ്ങള്‍ നടന്നേക്കും. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവയായിരിക്കും മറ്റ് വേദികള്‍.
ജൂണ്‍ ഒന്നിന് ചേര്‍ന്ന ഐസിസി യോഗത്തില്‍ ലോകകപ്പിന് ആതിഥേയത്വ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ത്യക്ക് നാലാഴ്ച സമയം അനുവദിച്ചിരുന്നു. പിന്നാലെ ബിസിസിഐ നടത്തിയ ആഭ്യന്തര ചര്‍ച്ചയിലാണ് വേദിമാറ്റത്തിന് അനുകുലമായ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വേദി രാജ്യത്തിന് പുറത്തേക്ക് മാറ്റുമ്പോഴും ഇന്ത്യക്ക് തന്നെയായിരിക്കും ആതിഥേയരുടെ അവകാശങ്ങള്‍.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് നേരത്തെ ഇന്ത്യയില്‍ നടന്ന ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മാറ്റിവച്ച ഈ മത്സരങ്ങള്‍ സെപ്തംബര്‍ മുതല്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കെയാണ് ട്വന്റി 20 ലോകകപ്പ് വേദിയും യുഎഇയിലേക്ക് മാറ്റുന്നത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം മുന്നാഴ്ച മാത്രമാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കും ട്വന്റി 20 ലോകകപ്പിനും ഇടയിലുള്ളത്. ഈ സാഹചര്യത്തില്‍ ലോകകപ്പിന്റെ ആദ്യമത്സരങ്ങള്‍ക്കായി മസ്‌കറ്റിലെ വേദി തിരഞ്ഞെടുക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു