‘കാണാനില്ല: സര്‍ക്കാര്‍, എഴ് വയസ്; കണ്ടുകിട്ടുന്നവര്‍ ജനങ്ങളുടെ കൈയ്യില്‍ ഏല്‍പ്പിക്കുക’; ഗഹനമായ ഔട്ട്‌ലുക്കോടെ ഒരു കവര്‍ ചിത്രം
കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പിഴവുകളുടെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഉള്‍പ്പെടെ വിമര്‍ശനം നേരിടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധമറിയിച്ച് ഔട്ട്‌ലുക്ക് മാസിക. കാണ്മാനില്ല എന്ന പരസ്യത്തിന്റെ മാതൃകയില്‍ ഡിസൈന്‍ ചെയ്ത പ്ലെയ്ന്‍ കവര്‍ ചിത്രത്തിലൂടെയാണ് ഔട്ട്‌ലുക്ക് കേന്ദ്രസര്‍ക്കാരിനുനേര്‍ക്ക് വിരല്‍ ചൂണ്ടുന്നത്. അനുദിനം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന രണ്ടാം തരംഗത്തിനിടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്ത കേന്ദ്രസര്‍ക്കാരിനെ കണ്ടുകിട്ടുന്നവര്‍ ജനങ്ങളുടെ സമക്ഷം ഏല്‍പ്പിക്കണമെന്നാണ് കുറിയ്ക്കുകൊള്ളുന്ന കവര്‍ ചിത്രത്തിലൂടെ ഔട്ട്‌ലുക്ക് മാസിക പറയുന്നത്.
മെയ് 24ന് പുറത്തിറങ്ങാനിരിക്കുന്ന ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍ ട്വിറ്റലിലൂടെ മുന്‍കൂറായി ഔട്ട്‌ലുക്ക് പങ്കുവെയ്ക്കുകയായിരുന്നു. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ കവര്‍ ചിത്രം വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ കാണാനില്ലെന്നും എഴ് വയസാണെന്നും കണ്ടുകിട്ടുന്നവര്‍ ഇന്ത്യന്‍ പൗരന്മാരെ വിവരമറിയിക്കണമെന്നും മാത്രമാണ് കവര്‍ ചിത്രത്തിലുള്ളത്. മോദി സര്‍ക്കാരിനെ വിമര്‍ശനവിധേയമാക്കുന്ന പുതിയ ലക്കത്തില്‍ പിബി മേഹ്തയുടേയും ശശി തരൂരിന്റേയും മൊഹുവ മോയ്ത്രയുടേയും അഭിപ്രായങ്ങളുണ്ടെന്നും ഔട്ട്‌ലുക്ക് മാസിക അറിയിച്ചു.
അതേസമയം
ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ പൂര്‍ണമായും വാക്‌സിന്‍ വാങ്ങാന്‍ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു.
ആദ്യ കത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തിലാണ് വീണ്ടും കത്തയക്കേണ്ടി വന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
വിഷയത്തില്‍ സിപിഐഎം പ്രസ്താവന: സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ ഉറപ്പുവരുത്തണമെന്നും ബജറ്റില്‍ നീക്കിവച്ച 35000 കോടി രൂപ പൂര്‍ണമായും വാക്‌സിന്‍ വാങ്ങാന്‍ വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും കത്തയച്ചു. ആദ്യമയച്ച കത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്തതിനാലാണ് വീണ്ടും കത്തയക്കേണ്ടി വരുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. പണം ധൂര്‍ത്തടിച്ചുള്ള സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തി പണം വാക്‌സിനും ഓക്‌സിജനും വേണ്ടി ഉപയോഗിക്കണമെന്നും എല്ലാ സ്രോതസില്‍നിന്നും വാക്‌സിന്‍ സംഭരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
സൗജന്യ, സാര്‍വത്രിക വാക്‌സിനേഷന്‍ നടത്തുക, ആഭ്യന്തര വാക്‌സിന്‍ ഉല്‍പ്പാദനം വിപുലപ്പെടുത്താന്‍ നിര്‍ബന്ധിത ലൈസന്‍സിങ് കൊണ്ടുവരിക, പിഎം കെയര്‍ നിധിയിലെ തുക വാക്‌സിനും ഓക്‌സിജനും മറ്റും വിനിയോഗിക്കുക, തൊഴിലില്ലാത്തവര്‍ക്ക് ചുരുങ്ങിയത് ആറായിരം രൂപ വീതം പ്രതിമാസം നല്‍കുക, ആവശ്യമുള്ളവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ക്കൊപ്പം ലക്ഷക്കണക്കിന് കര്‍ഷകര്‍ കോവിഡിന് കീഴ്‌പ്പെടാതിരിക്കാനായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.