സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരംഭിച്ചു; നിരത്തിലിറങ്ങിയാല്‍ കര്‍ശനനടപടി, അന്തര്‍ജില്ലാ യാത്രക്ക് നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിച്ചു. കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.
വിവാഹം, മരണാനന്തരച്ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വംവഹിക്കേണ്ട പുരോഹിതന്മാർക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകൾക്ക് രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ പാഴ്സൽ നൽകാം.
ലോക്ഡൗണിൽ സുരക്ഷ ഉറപ്പിക്കുന്നതിനും ക്രമീകരണങ്ങൾക്കുമായി 25,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
അതിഥിതൊഴിലാളികൾ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവർക്ക് നിർമാണസ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള സൗകര്യം കരാറുകാരൻ ഒരുക്കണം. അതിന് കഴിയില്ലെങ്കിൽ യാത്രാസൗകര്യം നൽകണം.
ക്രമീകരണങ്ങൾ
- വാർഡ്തല സമിതിക്കാർക്ക് സഞ്ചരിക്കാൻ പാസ്
- മറ്റുസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർചെയ്യണം. 14 ദിവസം ക്വാറന്റീനിൽ കഴിയണം.
- തട്ടുകടകൾ പാടില്ല
- ഹാർബർ ലേലം നിർത്തി
- ചിട്ടിതവണ പിരിവിന് വിലക്ക്
- ചരക്കുഗതാഗതത്തിന് തടസ്സമില്ല
- കോടതി ചേരുന്നുണ്ടെങ്കിൽ അഭിഭാഷകർക്കും ഗുമസ്തൻമാർക്കും യാത്രാനുമതി.
- ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ പാക്കിങ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.
- വാഹന വർക്ക്ഷോപ്പുകൾ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.
- കള്ളുഷാപ്പുകൾ അടച്ചു
- മാധ്യമപ്രവർത്തകരെ തടയില്ല.