Headlines
Loading...
ഹമാസ് നേതാവിന്റെ വീട്ടിൽ ബോംബ് വർഷിച്ച് ഇസ്രയേൽ; തിരിച്ചടിച്ച് ഹമാസും

ഹമാസ് നേതാവിന്റെ വീട്ടിൽ ബോംബ് വർഷിച്ച് ഇസ്രയേൽ; തിരിച്ചടിച്ച് ഹമാസും

രാജ്യാന്തരതലത്തിൽ തന്നെ ചർ‌ച്ചകൾ നടക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ്  ഇസ്രയേലും പലസ്തീനും. സംഘർഷം ഏഴാം ദിവസമാകുമ്പോഴും അയവില്ലാതെ തുടരുകയാണ്. ഞായറാഴ്ച അതിരാവിലെയോടെ ഹമാസ് നേതാവിന്റെ വസതിയിലേക്ക് ഇസ്രയേൽ ബോംബ് വർഷിച്ചതോടെ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിന് മറുപടിയെന്നോണം ഇസ്രയേലിന്റെ പ്രധാന നഗരമായ ടെൽ അവീവിൽ ഹമാസ് സംഘം റോക്കറ്റ് വിക്ഷേപിച്ചു. 
ഇസ്രയേൽ അർധരാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പലസ്തീൻ പൗരന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേറ്റതായ‌ും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് അയച്ച റോക്കറ്റുകൾക്ക് മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതിനാൽ ഇസ്രയേൽ നിവാസികൾ സുരക്ഷിത കേന്ദ്രമായ ‘ബോംബ് ഷെൽട്ടറി’ലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. ഇവിടേക്ക് മാറുന്നതിനിടെ 10 പേർക്കു പരുക്കേറ്റു.
സംഘർഷം തുടങ്ങി ഒരാഴ്ചയാകുമ്പോൾ 41 കുട്ടികൾ ഉൾപ്പെടെ 148 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേലിലാകട്ടെ രണ്ടു കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളും യുഎന്നും സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും അനുകൂല മറുപടികൾ ഇരു വിഭാഗത്തിൽനിന്നും ലഭിച്ചിട്ടില്ല.