Headlines
Loading...
കോവിഡ് ദുരിതാശ്വാസം: ബി.വി ശ്രീനിവാസിനെ ചോദ്യംചെയ്ത് ഡല്‍ഹി പോലീസ്; കേന്ദ്രത്തിനെതിരേ കോണ്‍ഗ്രസ്

കോവിഡ് ദുരിതാശ്വാസം: ബി.വി ശ്രീനിവാസിനെ ചോദ്യംചെയ്ത് ഡല്‍ഹി പോലീസ്; കേന്ദ്രത്തിനെതിരേ കോണ്‍ഗ്രസ്

ന്യൂഡൽഹി: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ ഡൽഹി പോലീസ് ചോദ്യംചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ പേരിലാണ് ചോദ്യംചെയ്യൽ. കോൺഗ്രസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


എന്നാൽ ഇത്തരം പോലീസ് നടപടികളെത്തുടർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കില്ലെന്ന് ശ്രീനിവാസ് പറഞ്ഞു. ഞങ്ങൾ പ്രവർത്തനങ്ങൾ നിർത്തില്ല. ഞങ്ങൾക്ക് പേടിയില്ല. തെറ്റായ ഒരു കാര്യവും ഞങ്ങൾ ചെയ്തിട്ടില്ല. ഞങ്ങളുടെ എളിയ പ്രവർത്തനങ്ങൾ കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ പ്രവർത്തനങ്ങൾ തുടരും, ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.



കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി വിതരണം ചെയ്തതായും ദുരിതാശ്വസ പ്രവർത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള കോവിഡ് ദുരിതാശ്വാസ സംഘത്തിനെതിരേ പരാതി ഉണ്ടായത്. എന്നാൽ രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റിൽ പറഞ്ഞു.

ജനങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നത് ഒരു കുറ്റകൃത്യമാണോ? മരണാസന്നരായവർക്ക് റെംഡെസിവിർ എത്തിച്ചുകൊടുക്കുന്നത് കുറ്റമാണോ? കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കുന്നത് കുറ്റകൃത്യമാണോ? രോഗികൾക്കൊപ്പമുള്ളവർക്കും ആംബുലൻസ് ഡ്രൈവർമാക്കും ഭക്ഷണം നൽകുന്നത് കുറ്റമാണോ? മോദിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കുറ്റകൃത്യമാണെന്നാണ് കരുതേണ്ടത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാർട്ടി പ്രവർത്തകരെയും ചോദ്യംചെയ്യാൻ മോദിയും അമിത് ഷായും പോലീസിനെ യൂത്ത് കോൺഗ്രസ് ഓഫീസിലേക്ക് അയച്ചത്, സുർജേവാല ട്വീറ്റിൽ പറഞ്ഞു.

ഡൽഹിയിലെ കോവിഡ് രോഗികൾക്ക് ഓക്സിജനും മരുന്നും മറ്റു സൗകര്യങ്ങളും എത്തിച്ചുനൽകുന്നതിന്റെ പേരിൽ ബി.വി.ശ്രീനിവാസിനും സംഘത്തിനും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചിരുന്നത്. ഡൽഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരുണ്ട്. ആശുപത്രികളിലെ ഓക്സിജൻ, ബെഡ് വിവരങ്ങൾ ശേഖരിക്കുകയും ഐ.സി.യു. കിടക്കകൾ, ഓക്സിജൻ കിടക്കകൾ, സിലിണ്ടറുകൾ, അവശ്യമരുന്നുകൾ, ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്കാരത്തിനുള്ള സഹായം തുടങ്ങിയവയെല്ലാം വളണ്ടിയർമാർ മുഖേന എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.

ന്യൂസിലൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിച്ചുനൽകിയത് വാർത്തയായിരുന്നു. ഇതിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് ട്വീറ്റ് ചെയ്യുകയും ന്യൂസിലൻഡ് ഹൈക്കമ്മീഷണർ സഹായത്തിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. ഇത് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും കോൺഗ്രസ് നേതാവ് ജയ്റാം രമേശും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടലും നടന്നിരുന്നു. പിന്നീട് ന്യൂസിലൻഡ് എംബസി തങ്ങളുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.