Headlines
Loading...
വിദേശത്ത് അനുമതിയുളളവ ഇന്ത്യയില്‍ ഉപയോഗിക്കാം; വാക്സീന്‍ നയത്തില്‍ മാറ്റം

വിദേശത്ത് അനുമതിയുളളവ ഇന്ത്യയില്‍ ഉപയോഗിക്കാം; വാക്സീന്‍ നയത്തില്‍ മാറ്റം

കോവിഡിനെതിരായ വിദേശ വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ പ്രത്യേക പരീക്ഷണം ആവശ്യമില്ല. രോഗവ്യാപനം കണക്കിലെടുത്ത് വാക്സീന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. റഷ്യയുടെ സ്പുട്നിക് വാക്സീന്‍റെ അടിയന്തര ഉപയോഗത്തിന് ഡിസിജിെഎ അനുമതി നല്‍കി. അതിനിടെ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഒന്നര ലക്ഷത്തിലധികമാണ്.


കോവിഡ് കേസുകള്‍ ഉയരുകയും വാക്സീന്‍റെ ആവശ്യകത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വാക്സീന്‍ നയം കേന്ദ്രസര്‍ക്കാര്‍ ഉദാരമാക്കിയത്. വിദേശത്ത് ഉപയോഗത്തിലുള്ള കോവിഡ് വാക്സീനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി ലഭിക്കണമെങ്കില്‍ രണ്ടും മൂന്നാം പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് വിദഗ്ധ സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ അനുമതി ലഭിക്കുമായിരുന്നുള്ളൂ. 

എന്നാല്‍ ലോകാരോഗ്യസംഘടനയുടെ പട്ടികയിലുള്ള വാക്സീനുകള്‍ക്ക് ഇനി മുതല്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ പ്രത്യേക പരീക്ഷണം ആവശ്യമില്ല. കമ്പനികള്‍ക്ക് നേരിട്ട് ഇറക്കുമതി ചെയ്യുകയോ, ഉല്‍പ്പാദിപ്പിക്കുകയോ ചെയ്യാം. ഈ വാക്സീനുകള്‍ ഉപയോഗിക്കുന്ന ആദ്യ നൂറ് പേരെ ഏഴ് ദിവസത്തേയ്ക്ക് നിരീക്ഷിക്കും. നയം മാറ്റിയതോടെ കൂടുതല്‍ വാക്സീനുകള്‍ ഉടന്‍ ലഭ്യമാകും. കോവാക്സീനും കോവിഷീല്‍ഡിനും പിന്നാലെ സ്പുട്നിക് വാക്സീനും അടിയന്തര ഉപയോഗത്തിന് അനുമതി കിട്ടിയത്. ഹൈദരാബാദിലെ റെഡ്ഢിസ് ലബോറട്ടറിസ് ആണ് ഉല്‍പാദനത്തിനും വിതരണത്തിനും കരാര്‍ ഒപ്പിട്ടിട്ടുള്ളത്. 91.6 ശതമാനമാണ് ഫലപ്രാപ്തി. 24 മണിക്കൂറിനിടെ 1,61,736 കോവിഡ് കേസുകളും 879 മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. 

രോഗമുക്തി നിരക്ക് 89.51 ശതമാനമായി താഴ്ന്നു. കേരളത്തില്‍ മൂന്ന് ആഴ്ച്ചയായി രോഗം ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആര്‍ടി പിസിആര്‍ പരിശോധന കൂട്ടണം. വാക്സീന്‍ ക്ഷാമമില്ല. ഒരു കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡുവും നാളെ ഗവര്‍ണര്‍മാരുമായി പ്രതിരോധ നടപടികളും വാക്സീനേഷന്‍ പുരോഗതിയും ചര്‍ച്ച ചെയ്യും.