Headlines
Loading...
ചോര്‍ച്ചയില്ലെങ്കില്‍ ഉറപ്പിക്കാമെന്ന് LDF, കിട്ടുന്നതല്ലാം നേട്ടമാക്കാന്‍ UDF; അവസാന കണക്കുകള്‍

ചോര്‍ച്ചയില്ലെങ്കില്‍ ഉറപ്പിക്കാമെന്ന് LDF, കിട്ടുന്നതല്ലാം നേട്ടമാക്കാന്‍ UDF; അവസാന കണക്കുകള്‍

തിരുവനന്തപുരം: കണക്കെടുത്ത് കാത്തിരിക്കുകയാണ് മുന്നണികൾ. കുറഞ്ഞത് 82 സീറ്റ് കൂടെ നിൽക്കുമെന്ന് എൽ.ഡി.എഫും 74 എങ്കിലും നേടി ഭരണം നേടാമെന്ന് യു.ഡി.എഫും കണക്കാക്കുന്നു. ഇത്തവണ അഞ്ചിടത്ത് താമര വിരിഞ്ഞാൽ അഞ്ചുവർഷത്തിനപ്പുറം കേരളഭരണമെന്നതാണ് ബി.ജെ.പി.യുടെ കണക്ക്. ജനമനസ്സ് മാറാതെയും വോട്ടുചോരാതെയും കാക്കണം. പരസ്യപ്രചാരണം ഞായറാഴ്ച തീരുമ്പോൾ ബാക്കിയാവുന്ന 24 മണിക്കൂർ ഈ ചോർച്ചയടയ്ക്കാനുള്ള നെട്ടോട്ടമായിരിക്കും.


ചോരാതിരുന്നാൽ ഉറപ്പ്
എട്ടു ജില്ലകൾ കടുംചുവപ്പായപ്പോഴാണ് 2016-ൽ 91 സീറ്റ് എന്ന വലിയ ഭൂരിപക്ഷവുമായി ഇടതുസർക്കാരിന് ഭരണം കിട്ടിയത്. അതിൽ ഇത്തരി നിറം ഇത്തവണ കുറയുമെന്ന് എൽ.ഡി.എഫ്. കണക്കാക്കുന്നുണ്ട്. പക്ഷേ, വടക്കൻ-തെക്കൻ കേരളത്തിലെ മേൽക്കൈ അതേരീതിയിൽ ആവർത്തിക്കാനാകണം. മധ്യകേരളത്തിൽ സ്വാധീനമുറപ്പിക്കുകയും വേണം. ഈ കണക്കുകൂട്ടലിന് അനുസരിച്ചുള്ള രാഷ്ട്രീയമുന്നേറ്റം ഇതുവരെയുള്ള പ്രചാരണംകൊണ്ട് നേടാനായിട്ടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. അതേസമയം, ചില സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്ന സൂചനകൾ അവരെ അലട്ടുന്നുണ്ട്. അത് കേരള കോൺഗ്രസിന്റെ വരവിലൂടെ കോട്ടയത്തും മധ്യകേരളത്തിലും നേടുന്ന അധികസീറ്റിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനാൽ, അവസാന മണിക്കൂറിൽ ബൂത്തുതലത്തിൽ കേന്ദ്രീകരിച്ച് വോട്ടുചോരാനുള്ള എല്ലാ പഴുതും അടയ്ക്കാനാണ് എൽ.ഡി.എഫ്. നിർദേശം.

നേടുന്നതെല്ലാം 'പ്ലസ്'
നേടുന്നതെല്ലാം 'പ്ലസ്' ആണെന്നാണ് യു.ഡി.എഫ്. പറയുന്നത്. 2016-ൽ നേടിയത് 'സ്ഥിരനിക്ഷേപ' സീറ്റുകളാണ്. അതിൽ ഒരിക്കലും ഇളക്കമുണ്ടാവില്ല. അധികം നേടുന്ന ഓരോ സീറ്റും ഇടതുപക്ഷത്തിന്റെ തുടർഭരണസാധ്യതയെ ഇല്ലാതാക്കുന്നതാണ്. കഴിഞ്ഞതവണ ഇടതുപക്ഷത്തേക്ക് ചാഞ്ഞുനിന്ന മണ്ഡലത്തിലെ ചോർച്ചയിലാണ് യു.ഡി.എഫിന്റെ കണ്ണ്. തൃശ്ശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടത് വോട്ടുബാങ്കിൽ വലിയ വിള്ളലുണ്ടായിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. കഴിഞ്ഞതവണ ഒരുസീറ്റിൽ ഒതുങ്ങിയ തൃശ്ശൂരും ഒരു സീറ്റുപോലും കിട്ടാതിരുന്ന കൊല്ലത്തും വലിയപ്രതീക്ഷയാണ് യു.ഡി.എഫ്. പുലർത്തുന്നത്. മലപ്പുറത്ത് സമ്പൂർണ ആധിപത്യവും കോഴിക്കോട്ടും വയനാടും തിരുവനന്തപുരത്തും സീറ്റുനില മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് അവകാശവാദം. ജോസ് കെ. മാണിയുടെ ചുവടുമാറ്റം കോട്ടയത്തും ഇടുക്കിയിലും യു.ഡി.എഫിന് ഉലച്ചിലുണ്ടാക്കിയിട്ടില്ലെന്ന് സ്ഥാപിക്കേണ്ടത് രാഷ്ട്രീയ വാശിയാണ്. അതിനാൽ, ഇടതുകോട്ടകളിൽ വിള്ളൽ കൂട്ടി വോട്ടുചോർത്താനുള്ള തന്ത്രവും മലപ്പുറത്തടക്കമുള്ള സ്വന്തം താവളത്തിൽ ചോർച്ചയുണ്ടാകാതിരിക്കാനുള്ള ജാഗ്രതയുമാണ് യു.ഡി.എഫ്. നടത്തുന്നത്.

ചോർച്ചയാവും കണക്ക്
സമീപകാലത്തായി വോട്ടിന്റെ തോത് ഗണ്യമായ അനുപാതത്തിൽ കൂടിക്കൊണ്ടിരിക്കുന്ന ഏക പാർട്ടി ബി.ജെ.പി.യാണ്. അവർക്ക് ലഭിക്കുന്ന വോട്ടുകണക്ക് ഇടത്-വലത് മുന്നണികളെ അസ്വസ്ഥമാക്കുന്നുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കനുസരിച്ച് 35 നിയമസഭാ മണ്ഡലത്തിൽ എൻ.ഡി.എ.യ്ക്ക് 20 ശതമാനത്തിലേറെ വോട്ടുണ്ട്. ഈ വളർച്ചയിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. തിരുവനന്തപുരം, തൃശ്ശൂർ, കാസർകോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അവരുടെ വിജയപ്രതീക്ഷ. നേമം നിലനിർത്തുമെന്ന് ഉറപ്പിക്കുന്നതും മറ്റ് അഞ്ചിടത്ത് വിജയം കാത്തിരിക്കുകയും ചെയ്യുന്നത് ഈ വോട്ടുകണക്കിലാണ്. വോട്ടുചോർച്ച തടയേണ്ട രാഷ്ട്രീയബാധ്യതകൂടി ഇപ്പോൾ ബി.ജെ.പി.ക്കുണ്ട്. ഇടത്-വലതു മുന്നണികളുമായി 'ഡീൽ' ആരോപണം നേരിടുന്ന പാർട്ടിയാണ് ബി.ജെ.പി. എന്നതാണ് കാരണം.