Headlines
Loading...
ലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; പത്തിലധികം പേര്‍ക്ക് പങ്ക്

ലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; പത്തിലധികം പേര്‍ക്ക് പങ്ക്

കണ്ണൂർ: പാനൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് പോലീസ്. കേസിൽ പത്തിലധികം പേർക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.


രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രാഥമിക നിഗമനം. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന സ്ഥലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരിൽ ലീഗ് പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷം മൻസൂറിനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരൻ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൻസൂറിന്റെ അയൽവാസിയുമായ ഷിനോസാണ് പിടിയിലായത്.