national
മാസ്‌ക് ധരിക്കാതെയുള്ള ട്രെയിന്‍ യാത്ര കുറ്റകരം; 500 രൂപ പിഴയീടാക്കും
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ നടപടികളുമായി റെയിൽവേ. മാസ്ക് ധരിക്കാതെയുള്ള യാത്ര റെയിൽവേ ആക്റ്റ് പ്രകാരം കുറ്റകരമാക്കി. ഇത് പ്രകാരം ട്രെയിനുകളിലും സ്റ്റേഷനുകളിലും മാസ്ക് ധരിക്കാത്തവർക്ക് റെയിൽവേ 500 രൂപ പിഴ ചുമത്തും.
മാസ്കുകളുടെ നിർബന്ധിത ഉപയോഗവും പിഴയും ഇന്ത്യൻ റെയിൽവേ ചട്ടം 2012 പ്രകാരം പട്ടികപ്പെടുത്തും. റെയിൽവേ പരിസരത്ത് തുപ്പുന്നവർക്കും പിഴ ചുമത്തും. സ്റ്റേഷനിലും ട്രെയിനിലും തുപ്പുന്നവർക്കും 500 രൂപ പിഴ ചുമത്തും.
കോവിഡ് വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെയിൽവേ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നടപ്പാക്കുമെന്നും കൂടുതൽ നിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതുവരെ ആറ് മാസത്തേക്ക് പിഴ ചുമത്തുമെന്നും ഉത്തരവിൽ പറയുന്നു.