Headlines
Loading...
പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾകൺടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി

പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾകൺടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി

തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൺടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ലോക്ഡൗൺപോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ പരിഗണനയിലില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.

പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദർശകർക്ക് നിയന്ത്രണം കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങളാണു പരിഗണിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കി ജനം സ്വയംനിയന്ത്രണം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. നിയന്ത്രണങ്ങളുടെ ലംഘനം, മാസ്ക് ഉപയോഗിക്കാതിരിക്കൽ തുടങ്ങിയവ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കും.

അഞ്ചാംഘട്ട ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച കേന്ദ്ര മാർഗനിർദേശം ഏപ്രിൽ 30 വരെ തുടരും. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വി.പി. ജോയ് കഴിഞ്ഞദിവസം ഉത്തരവിറക്കി. കൺടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. 65 വയസ്സ് കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും പ്രത്യേക സംരക്ഷണമൊരുക്കും.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറിനു മുകളിലാണ്. എറണാകുളത്താണ് കൂടുതൽ (977) പേർക്ക് രോഗം പിടിപെട്ടത്.

കൂടുതൽ വാക്സിൻ വേണമെന്ന് കേരളം

45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് മാസ് വാക്സിനേഷൻ കാമ്പയിന് ആരോഗ്യവകുപ്പ് തുടക്കമിട്ടു. എന്നാൽ, ആവശ്യമായത്ര വാക്സിൻ ഇല്ലാത്തതിനാൽ കൂടുതൽ ഡോസ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.