national
രാജ്യസഭ തിരഞ്ഞെടുപ്പ് 30ന്; 20 വരെ നാമനിര്‍ദേശപത്രിക നല്‍കാം
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന്. ഈമാസം 20 വരെ നാമനിര്‍ദേശപത്രിക നല്‍കാം. തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. നിലവിലുള്ള നിയമസഭയിലെ അംഗങ്ങള്‍ക്കായിരിക്കും തിരഞ്ഞെടുപ്പില്‍ വോട്ടവകാശം. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിയത് ചോദ്യം ചെയ്ത് സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതേതുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചത്.
ഇപ്പോഴുള്ള നിയമസഭയിലെ അംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടുകയും അടുത്ത നിയമസഭയിലെ അംഗങ്ങള്‍ ആ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തിയതി തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇഷ്ടമുള്ള ഏത് തിയതിയും പ്രഖ്യാപിക്കാം എന്ന് ഇതിനര്‍ഥമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് വേണം കമ്മിഷന്‍ തീരുമാനമെടുക്കാന്‍. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കാലതാമസമില്ലാതെ തിരഞ്ഞെടുപ്പ് നടത്തണം. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മിഷന്‍ പറയുമ്പോഴും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് പി.വി.ആശ വിമര്‍ശിച്ചിരുന്നു.