Headlines
Loading...
കേരളത്തിലേക്ക് ആദ്യ ഐ ലീഗ് കീരിടം; ട്രാവുവിനെ വീഴ്ത്തി ഗോകുലം

കേരളത്തിലേക്ക് ആദ്യ ഐ ലീഗ് കീരിടം; ട്രാവുവിനെ വീഴ്ത്തി ഗോകുലം

ഐ.ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്. അവസാന മല്‍സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ 4–1ന് തകര്‍ത്തു. ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗോകുലത്തിന്റെ ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം കേരളയുടെ വിജയം. ഗോകുലം ആദ്യ റൗണ്ടിൽ ട്രാവുവിനെ 3–1ന് തോൽപിച്ചിരുന്നു. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി.

ഷെരീഷ് മുഹമ്മദ് (70), എമിൽ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. 24–ാം മിനിറ്റിൽ ബിദ്യാസാഗർ സിങ് നേടിയ ഗോളിലാണ് ട്രാവു എഫ്‍സി ലീഡെടുത്തത്. വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാംപ്യൻമാരായത്. ഇതേ സമയത്തു നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയ ചർച്ചിൽ ബ്രദേഴ്സിനും 29 പോയിന്റുണ്ടെങ്കിലും ഗോൾവ്യത്യാസത്തിലാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. ജയിച്ചാൽ ട്രാവു എഫ്‍സിക്കും കിരീടം നേടാൻ അവസരമുണ്ടായിരുന്നു.തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലി പിന്തുടർന്ന ഗോകുലമാണ് മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത്. പക്ഷേ, ആദ്യ ഗോൾ നേടിയത് ട്രാവു എഫ്‍സിയാണെന്ന് മാത്രം. മത്സരത്തിൽ ട്രാവുവിന്റെ ഏക ഗോൾ നേടിയ ഇന്ത്യൻ താരം വിദ്യാസാഗർ സിങ് 12 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി. ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടിയ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.