
national
കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; വളയം പിടിച്ച് കമല്‍നാഥ്
വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലി. പ്രക്ഷോഭ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചത് കമല്‍നാഥ് തന്നെയായിരുന്നു. ചിന്ദ്വാര ഭാഗത്ത് നടന്ന പ്രക്ഷോഭത്തിലായിരുന്നു കമല്‍നാഥ് പങ്കെടുത്തത്. ദിഗ്വിജയ് സിംഗും മറ്റൊരു ഭാഗത്ത് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു.
റാലിയില്‍ കമല്‍നാഥ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കാര്‍ഷിക നിയമം നടപ്പിലാക്കിയതിന് പിന്നാലെ കര്‍ഷകരുടെ വിപണി സാധ്യതകള്‍ ഇല്ലാതായെന്നും മിനിമം താങ്ങുവില ലഭിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.
പ്രക്ഷോഭത്തിനിടെ ഇതിനകം നിരവധി കര്‍ഷകര്‍ക്ക് ജിവന്‍ നഷ്ടപ്പെട്ടു. കാര്‍ഷികനിയമത്തില്‍ കേന്ദ്രം പിടിവാശി ഉപേക്ഷിച്ച് എത്രയും പെട്ടെന്ന് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നും കമല്‍നാഥ് പറഞ്ഞു.
നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. വ്യാഴാഴ്ച്ച നടന്ന ഒമ്പതാം വട്ട ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. 19 ാം തിയ്യതി വീണ്ടും ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക നിയമം സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്റ്റേ ചെയ്തതിനെ സ്വാഗതം ചെയ്‌തെന്നും എന്നാല്‍ നിയമം പൂര്‍ണമായും എടുത്ത് കളയുന്നത് വരെ സമരം തുടരുമെന്നുമാണ് കര്‍ഷകര്‍ ചര്‍ച്ചയില്‍ അറിയിച്ചത്.
കാര്‍ഷിക ബില്ലിനെതിരായ ഹരജി പരിഗണിക്കവെ കര്‍ഷക പ്രക്ഷോഭത്തില്‍ സുപീംകോടതി കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. പല സംസ്ഥാനങ്ങളും നിയമങ്ങള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ കര്‍ഷകരുമായി എന്ത് ആശയവിനിമയമാണ് ഉണ്ടാവുന്നതെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചത്. എന്ത് തരത്തിലുള്ള ഒത്തുതീര്‍പ്പിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകുന്നില്ല. പക്ഷെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.